ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരായ ദേശീയ ഐക്യത്തില്‍ സി.പി.ഐ.എം ഭാഗമാകുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ സി.പി.ഐ.എമ്മിന് ഒപ്പം കൂടുന്നതില്‍ വിഷമമില്ലെന്ന് മാത്രമല്ല അതിനെ വളരെ താത്പര്യത്തോടെയാണ് താന്‍ കാണുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. എന്തുതന്നെയായായും ബി.ജെ.പിയെ താഴെയിറക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മമത പറഞ്ഞു.


Also Read ഗാന്ധിയുടെ പേരില്‍ വ്യാജപ്രസ്താവനയുമായി ബി.ജെ.പി സര്‍ക്കാരിന്റെ ഫുള്‍പേജ് പരസ്യം; ലക്ഷ്യം ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷ പ്രചരണം


സി.പി.ഐ.എമ്മുമായി യോജിച്ചുപോകാന്‍ തയ്യാറാണെന്ന താങ്കളുടെ പ്രസ്താവന മുന്‍നിലപാടില്‍ നിന്നുള്ള വ്യതിചലനമല്ലേ എന്ന ചോദ്യത്തിന് ഒരിക്കലുമല്ല എന്നായിരുന്നു മമതയുടെ മറുപടി.

സി.പി.ഐ.എം ഇപ്പോള്‍ ചെറിയ ഒരു പാര്‍ട്ടിയാണ്. ബംഗാള്‍ അവര്‍ക്ക് നഷ്ടമായി. കേരളത്തിലും ത്രിപുരയിലും അവരുണ്ട്. പക്ഷേ കേരളത്തില്‍ പല പ്രശ്‌നങ്ങളും ഇപ്പോള്‍ നടക്കുന്നു. അവര്‍ക്ക് സര്‍ക്കാരിനെ നന്നായി നയിക്കാന്‍ കഴിയുന്നില്ല.

കേരളത്തില്‍ പോലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് അല്പം കൂടി മെച്ചപ്പെട്ട നില കാഴ്ചവെച്ചത്. കേരളത്തില്‍ ഓരോ അഞ്ച് വര്‍ഷവും മാറ്റം സംഭവിക്കുന്നു. ഡി.എം.കെയേയും എ.ഡി.എം.കെയേയും പോലെ. ഇത് എന്റെ രാഷ്ട്രീയ വിശകലനമാണ്.

രാഷ്ട്രീയത്തില്‍ ശാശ്വതമായ ശത്രുവോ സുഹൃത്തോ ഇല്ല. ചിലപ്പോള്‍ ചിലര്‍ വരും, പോകും അത് അവരുടെ അവകാശമാണെന്നും മമത പറയുന്നു.


Dont Miss ആശുപത്രിയില്‍ നിന്നും സിലിണ്ടര്‍ മോഷ്ടിച്ച് സ്വന്തം ക്ലിനിക്കിലേക്ക് കടത്തി; ഡോ. കഫീല്‍ ഖാനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍


2019 ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമ്ത മത്സരിക്കുമോ എന്ന ചോദ്യത്തിന് താന്‍ ആരുമല്ലെന്നും തനിക്ക് ഒന്നും വേണ്ടെന്നും ഒരു സാധാരണക്കാരിയായി തുടരാന്‍ മാത്രമാണ് ആഗ്രഹമെന്നുമായിരുന്നു മമ്തയുടെ മറുപടി.

എന്നാല്‍ പ്രതിപക്ഷ ശക്തമാകണമെന്ന് താന്‍ ആഗ്രഹിക്കുന്നെന്നും മമത പറഞ്ഞു. ആര് പ്രധാനമന്ത്രിയാകും ആകില്ല എന്നതൊന്നുമല്ല ഇവിടുത്തെ പ്രശ്‌നം. ആദ്യമായി ഈ യുദ്ധത്തില്‍ വിജയിക്കണം. മറ്റു കാര്യങ്ങളെല്ലാം പിന്നീട്.

പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട്‌പോകാന്‍ സാധിക്കണം. പ്രാദേശിക പാര്‍ട്ടികളാകും ഓരോ പ്രദേശത്തേയും നയിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി അവരെ സഹായിച്ചുകൊണ്ട് മുന്നോട്ട് പോകണം. എവിടെയാണോ പ്രാദേശിക പാര്‍ട്ടി ശക്തമായുള്ളത് അവര്‍ക്കൊപ്പം നിന്ന് സഹായിക്കാന്‍ കഴിയണം. അങ്ങനെ മാത്രമേ ബി.ജെ.പിയെ നേരിടാന്‍ കഴയുള്ളൂ. അങ്ങനെയാണെങ്കില്‍ മാത്രമേ 2019 ഓടെ ബി.ജെ.പിക്ക് യാത്രയയപ്പ് നല്‍കാന്‍ കഴിയുള്ളൂവെന്നും മമത പറയുന്നു.