എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്‍ സുഹൃദ് സംഗമം: കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സി.പി.ഐ.എമ്മിന്റെ വിലക്ക്
എഡിറ്റര്‍
Tuesday 15th May 2012 10:50am

കോഴിക്കോട്: ചന്ദ്രശേഖരന്‍ സുഹൃദ് സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സി.പി.ഐ.എമ്മിന്റെ വിലക്ക്. ലോക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടിംഗിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കണ്‍വെന്‍ഷനില്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടി ഉറപ്പാണെന്നും നേതൃത്വം വ്യക്തമാക്കി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് സി.പി.ഐ.എമ്മിനും ഡി.വൈ.എഫ്.ഐ യ്ക്കകത്തും നടക്കുന്ന ധ്രുവീകരണത്തിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ കണ്‍വെന്‍ഷന്‍ എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

കണ്‍വെന്‍ഷന്‍ എന്ത് വിലകൊടുത്തും പരാജയപ്പെടുത്താനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. അതിന്റെ ഭാഗമായി ഇന്ന് 3 മണിയ്ക്ക് പാര്‍ട്ടി വിശദീകരണ യോഗം എല്ലാ ലോക്കല്‍ തലങ്ങളിലും വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് തന്നെയാണ് ചന്ദ്രശേഖരന്‍ സുഹൃദ് സംഗമവും നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. അതേസമയം പാര്‍ട്ടി അംഗങ്ങള്‍ക്ക് ടി.പി ചന്ദ്രശേഖരന്റെ വസതിയില്‍ ചെല്ലുന്നതിനും കല്ലാച്ചി ലോക്കല്‍ കമ്മിറ്റി അനുമതി നിഷേധിച്ചിട്ടുണ്ട്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും  പങ്കെടുക്കുന്നുണ്ട്.

ചന്ദ്രശേഖരന്‍ വധവും തുടര്‍ന്നുണ്ടായ വാക്‌പോരുകളും അവസാനിച്ച ശേഷമുള്ള ആദ്യത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണിത്. വി.എസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. എന്നാല്‍ വി.എസ് ഉയര്‍ത്തിയ വിവാദങ്ങള്‍ ഇന്നത്തെ യോഗത്തില്‍ വിഷയമാകില്ലെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ മോശമായി ബാധിക്കുമെന്നതിനാലാണ് ഇത്.

Advertisement