Categories

സി.പി.ഐ.എം അടിയന്തര പി.ബി ഉടനില്ലെന്ന് പ്രകാശ് കാരാട്ട്

ന്യൂദല്‍ഹി: സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയുടെ അടിയന്തര പോളിറ്റ് ബ്യൂറോ യോഗം ഉടനില്ലെന്ന്  സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ഈ മാസം 20നും 21നും അടിയന്തര പി.ബി വിളിച്ചിട്ടുണ്ടെന്ന മാധ്യമ വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 19നു ശേഷം യോഗം ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Ads By Google

സംസ്ഥാനത്തെ നിലവിലെ പ്രശ്‌നങ്ങള്‍ അടിയന്തര സ്വഭാവത്തോടെ ചര്‍ച്ച ചെയ്യുന്നതിനായാണ് തിടുക്കത്തില്‍ പി.ബി യോഗം ചേരുന്നതെന്നാണ് അറിയുന്നത്.

കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രകമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കുന്നതു സംബന്ധിച്ചു പൊളിറ്റ് ബ്യൂറോയില്‍ തീരുമാനിക്കും. കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം.

നിയമസഭ സമ്മേളനം നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് മാറ്റാന്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചത് ഉള്‍പ്പെടെ പാര്‍ട്ടിയിലെ ഭിന്നിപ്പ് വലിയ തോതില്‍ വളര്‍ന്ന സാഹചര്യത്തിലാണ് പിബി യോഗം നേരത്തെയാക്കുന്നത്.

വി.എസ് അച്യുതാനന്ദനെതിരെ നടപടിയെടുക്കണമെന്ന പ്രമേയം സി.പി.ഐ.എം സംസ്ഥാന സമിതി  ഇന്നലെ അംഗീകരിച്ചിരുന്നു. ലാവ്‌ലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നിരന്തരം രംഗത്ത് എത്തിയ വി.എസിനെതിരേ കടുത്ത നടപടി വേണമെന്ന പ്രമേയമാണ് സംസ്ഥാന സമിതി അംഗീകരിച്ചത്.

ഫെബ്രുവരി നാലിന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം സംസ്ഥാന സമിതി അംഗീകരിച്ചതോടെ തുടര്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതൃത്വത്തിന് അയച്ചുകൊടുക്കും.

ലാവലിനില്‍ അഴിമതിയില്ല എന്ന് പാര്‍ട്ടി വ്യക്തമാക്കിയതാണ്. തുടര്‍ന്നും വി.എസ് സ്വീകരിക്കുന്ന പരസ്യനിലപാട് പാര്‍ട്ടി തീരുമാനത്തോടുള്ള അവഹേളനമായാണ് പ്രമേയം വിലയിരുത്തുന്നത്. വി.എസിന്റെ അഭാവത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം അംഗീകരിച്ചത്. ഇന്ന് നടന്ന സംസ്ഥാനസമിതിയില്‍ നിന്നും വി.എസ് വിട്ടുനിന്നിരുന്നു.

Tagged with: