കൊട്ടാരക്കര: പ്രണയവിവാഹത്തിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മിനിമോള്‍ രാജിവയ്‌ക്കേണ്ടിവരില്ല. പാര്‍ട്ടി നേതാക്കളുടെ വിലക്ക് ലംഘിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മിനിമോള്‍ രാജിവയ്ക്കനാവശ്യപ്പെട്ട സി.പി.ഐ.എം നേതാക്കള്‍ പിന്‍വാങ്ങി.

വിവാഹത്തെ എതിര്‍ത്തെന്നും രാജി ആവശ്യപ്പെട്ടുമെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് സി.പി.ഐ.എം കൊട്ടാരക്കര ഏരിയാ കമ്മിറ്റി പ്രസ്താവന പുറത്തി. ഇതോടെ കുറച്ചുദിവസമായി പുകയുന്ന വിവാദത്തിന് വിരാമമായി.

മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പട്ടികജാതി സംവരണ വാര്‍ഡംഗവുമായ ബി മിനിമോളുടെ വിവാഹമാണ് പാര്‍ട്ടിയ്ക്ക് രസിക്കാതിരുന്നത്. പഞ്ചായത്തിലെ താല്‍ക്കാലി ഡ്രൈവറായിരുന്ന ജയനെയാണ് മിനിമോള്‍ വിവാഹം കഴിച്ചത്. ഇവര്‍ തമ്മിലുള്ള അടുപ്പം അറിഞ്ഞ സി.പി.ഐ.എം ഈ ബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊട്ടാത്തല മൈലം ലോക്കല്‍ കമ്മിറ്റിയിലെ ചില നേതാക്കളുടെ എതിര്‍പ്പായിരുന്നു ഇതിനു പിന്നില്‍. പ്രസിഡന്റായിരിക്കെ മിനി വിവാഹം കഴിക്കരുതെന്നും പാര്‍ട്ടി ഉപാധിവച്ചിരുന്നു.

എന്നാല്‍ വിലക്ക് ലംഘിച്ച് കഴിഞ്ഞമാസം ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് പ്രിസഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ മിനിമോളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പരസ്യമായതോടെ സി.പി.ഐ.എം വെട്ടിലായി. മഹിളാ കോണ്‍ഗ്രസ് അടക്കം നിരവധിസംഘടനകളും രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കളും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം മാറ്റിയത്.