എഡിറ്റര്‍
എഡിറ്റര്‍
ചെങ്കൊടിയുടെ കീഴില്‍ അനശ്വരയ്ക്ക് അന്ത്യവിശ്രമം; സംസ്‌കരിക്കാന്‍ ഒരു തരി മണ്ണില്ലാ, പാര്‍ട്ടി ഓഫീസില്‍ ഇടമൊരുക്കി സി.പി.ഐ.എം
എഡിറ്റര്‍
Saturday 25th February 2017 7:36pm

ആലപ്പുഴ: ഹരിപ്പാട് ആത്മഹത്യ ചെയ്ത പത്താം ക്ലാസുകാരിയായ അനശ്വരയുടെ സംസ്‌കാര ചടങ്ങിന് പാര്‍ട്ടി ഓഫീസ് വിട്ടു നല്‍കി സി.പി.ഐ.എം. വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന അനശ്വരയുടെ കുടുംബത്തിന് സംസ്‌കാരചടങ്ങ് നടത്താന്‍ ഒരു തരി മണ്ണുപോലും ഇല്ലാതെ വന്നതോടെയാണ് സി.പി.ഐ.എം സഹായ ഹസ്തവുമായി രംഗത്തെത്തുന്നത്.

ഹരിപ്പാട് ആയാപറമ്പില്‍ ബൈജു-ശ്രീലത കുമാരി ദമ്പതികളുടെ മകളായ അനശ്വരയ്ക്ക് ചെറുതന ലോക്കല്‍ കമ്മറ്റി ഓഫീസ് വളപ്പിലാണ് അന്ത്യ വിശ്രമത്തിന് പാര്‍ട്ടി സൗകര്യമൊരുക്കിയത്. ഇന്നുച്ചയോടെയായിരുന്നു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അനശ്വരയെ യാത്രയാക്കിയത്. സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് സംസ്‌കാര ചടങ്ങിനുള്ള സാമ്പത്തിക സഹായവും സഖാക്കള്‍ നല്‍കുകയുണ്ടായി.

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ മനം നൊന്ത് ഇന്നലെയായിരുന്നു അനശ്വര ആത്മഹത്യ ചെയ്യുന്നത്. വീയപുരം ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയായ അനശ്വര കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പാലത്തിന്റെ മുകളില്‍ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. വൈകിട്ട് 3.30നായിരുന്നു സംഭവം. ദൂരെ കുളിച്ചുകൊണ്ട് നിന്ന സ്ത്രീകള്‍ വിദ്യാര്‍ത്ഥിനി ആറ്റിലേക്ക് ചാടുന്നതുകണ്ട് ബഹളം കൂട്ടി. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താനായി ആറ്റിലേക്ക് ചാടി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.


Also Read: നീ ജീവിതത്തെ ജയിച്ച നായികയാണ്, നിന്റെ ചിരി കൂടുതല്‍ ഭംഗിയോടെ സ്‌ക്രീനില്‍ തെളിയുന്നതിനായി കാത്തിരിക്കും; അഭിനയ ലോകത്തേക്ക് തിരികെ എത്തിയ നടിയ്ക്ക് മഞ്ജുവിന്റെ അഭിവാദ്യം


കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നും സ്വന്തമായി വീടുപോലുമില്ലെന്നും ഇത് അനശ്വരയെ ആകെ തളര്‍ത്തിയിരുന്നതായി അച്ഛന്‍ ബൈജു പറഞ്ഞു. ബാഗില്‍ പുസ്തകവും ഉച്ചയ്ക്ക് കഴിക്കാനായി കൊണ്ടുപോയ ചോറും പാത്രവും ഉണ്ടായിരുന്നു. പഠിത്തത്തില്‍ ഭേദമായിരുന്ന അനശ്വര ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് ഊണുകഴിക്കുന്നതിനായി പാത്രം തുറന്നുവെങ്കിലും അല്‍പ്പനേരം കരഞ്ഞിട്ട് പാത്രം അടച്ചുവച്ചതായി കുട്ടികള്‍ പറഞ്ഞു.

ആയാപറമ്പ് പുതുമനയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ബൈജുവും കുടുംബവും. ബൈജുവും ശ്രീലതകുമാരിയും ഹൃദ്രോഗികളാണ്. ബൈജുവിന് ശസ്ത്രക്രിയ ആവശ്യമാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അതു നടത്താനായിട്ടില്ല.

ഓട്ടോ ഡ്രൈവറായിരുന്നു ബൈജു. എന്നാല്‍ രോഗം കാരണം ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അനശ്വരയുടെ ഇളയ സഹോദരന്‍ അശ്വിന് വൃക്ക സംബന്ധമായ രോഗമാണ്. ഇതെല്ലാം അനശ്വരയെ മാനസികമായി ഏറെ തകര്‍ത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Advertisement