വി.എസ്സിനെതിരെ ഒരു എന്‍.എസ്.എസ് നേതാവ് നടത്തിയ പ്രസ്താവനകള്‍ മര്യാദയില്ലാത്തതാണെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ്. ഇത് കേരള സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

‘പ്രസ്താവനകള്‍ കേരളത്തിന്റെ പൊതുസംസ്‌കാരത്തിന് നിരക്കാത്തതാണ്. എന്നാല്‍ ഇതിന്റെ പേരില്‍ എന്‍.എസ്.എസ് ഓഫീസ്സിനുനേരെ കല്ലെറിഞ്ഞത് ഒരിക്കലും ന്യായീകരിക്കാനാവില്ല. എന്നാല്‍ ഇതിന് സി.പി.ഐ.എമ്മുമായി യാതൊരു ബന്ധവുമില്ല’; സി.പി.ഐ.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ഇത്തരത്തിലുള്ള പദപ്രയോഗത്തിലൂടെയോ അക്രമത്തിലൂടെയോ ജനാധിപത്യം സംരക്ഷിക്കാനാകില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം മുഖ്യമന്ത്രിക്കെതിരെ സുകുമാരന്‍നായര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍രവി പറഞ്ഞു.

സുകുമാരന്‍ നായര്‍ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. . എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി വഹിക്കുന്ന സുകുമാരന്‍നായര്‍ വിഎസിനെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ കേരളീയ സംസ്‌കാരത്തിന് ചേര്‍ന്നതായില്ലെന്നാണ് അദ്ദേഹംപറഞ്ഞത്.

ദേശാഭിമാനി ദിനപത്രത്തില്‍ ‘വിഭാഗീയത സ്വപ്‌നം കാണുന്നവര്‍ നിരാശരാകും’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തനിക്ക് അഭിപ്രായവ്യത്യാസമുള്ളവരെ പരസ്യമായും നിന്ദ്യമായ ഭാഷയിലും അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമായ കൃത്യമാണ്. ഇത്തരം പ്രകടനങ്ങളിലൂടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ സമൂഹത്തിനുമുന്നില്‍ ചെറുതാകുകയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.