കാസര്‍ഗോഡ്: ചീമേനിയിലെ നിര്‍ദിഷ്ട താപ വൈദ്യുത നിലയത്തില്‍ കല്‍ക്കരി ഇന്ധനമാക്കുമെന്ന കേന്ദ്ര ഊര്‍ജമന്ത്രി കെ.സി വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരേ സി.പി.ഐ.എം രംഗത്ത്. കല്‍ക്കരി ഇന്ധനമാക്കിയാല്‍ അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും വേണുഗോപാലിന്റെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പരിസ്ഥിതി അനുമതി കിട്ടാത്ത അതിരപ്പിള്ളി പദ്ധതിയേക്കാള്‍ കല്‍ക്കരി ഉപയോഗിച്ചുള്ള ചീമേനി താപവൈദ്യുതപദ്ധതി നടപ്പിലാക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു കേന്ദ്ര ഊര്‍ജ്ജകാര്യ സഹമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞത്.

13,00 മേഗാവാട്ട് ശേഷിയുള്ള കല്‍ക്കരി നിലയം ചീമേനിയില്‍ സ്ഥാപിക്കാനായിരുന്നു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. ഇന്ധനമായി പ്രകൃതിവാതകം ഉപയോഗിക്കാനായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം. കൊച്ചി വാതക പൈപ്പ് ലൈനില്‍ നിന്നുള്ള വാതകം ഉപയോഗിക്കാനായിരുന്നു തീരുമാനം.