തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ വീണ്ടും പാര്‍ട്ടി രംഗത്ത്. വി.എസ് തെറ്റ് ഏറ്റ് പറയണമെന്നും ടി.പി, കൂടംകുളം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടിക്കൊപ്പമാണ് താന്‍ എന്ന് വി.എസ് പറയണമെന്നുമാണ് സി.പി.ഐ.എം നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പി.ബി അംഗം എസ്.രാമചന്ദ്ര പിള്ളയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Ads By Google

ഇന്നാരംഭിച്ച സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വി.എസ്സിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി വീണ്ടുമെത്തിയിരിക്കുന്നത്.

പാര്‍ട്ടി നിലപാട് മറികടന്ന് വി.എസ് കൂടംകുളം ലംഘിച്ചത് പാര്‍ട്ടിയില്‍ ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു. കഴിഞ്ഞ ആഴ്ച്ച അവസാനിച്ച കേന്ദ്ര കമ്മിറ്റിയില്‍ വി.എസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വി.എസ്സിന്റെ കൂടംകുളം യാത്ര ഒഴിവാക്കേണ്ടിയിരുന്നതാണെന്ന് തമിഴ്‌നാട്ടിലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

കൂടംകുളം ഒരു ജനകീയ വിഷയമാണെന്നും ആണവോര്‍ജ്ജത്തെക്കുറിച്ച് പാര്‍ട്ടിയുടെ നയരൂപീകരണ കമ്മിറ്റിയായ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാര്‍ട്ടി ഒരു നയം രൂപപ്പെടുത്തിയിരുന്നെങ്കിലും അന്നത്തെ സ്ഥിതിയല്ല ഇപ്പോള്‍ കൂടംകുളം വിഷയത്തില്‍ നിലനില്‍ക്കുന്നതെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

രണ്ട് ദിവസമായി നടക്കുന്ന യോഗത്തില്‍ കൊല്ലത്ത് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെയുള്ള ലൈംഗികാരോപണത്തെ കുറിച്ചുള്ള ഗൂഢാലോചനയെകുറിച്ച് അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്.