എഡിറ്റര്‍
എഡിറ്റര്‍
സി.വി. ബാലകൃഷ്ണന്റെ വീടിനു പുറത്ത് സി.പി.ഐ.എം അനുകൂല ഭീഷണി പോസ്റ്റര്‍
എഡിറ്റര്‍
Friday 1st June 2012 11:02am

കാലിക്കടവ് (കാസര്‍ഗോഡ്): പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്റെ വീടിനു പുറത്ത് സി.പി.ഐ.എം അനുകൂല ഭീഷണി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.  സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ കഴിയുന്നത് മാര്‍ക്‌സിസ്റ്റുകാരുടെ ഔദാര്യം കൊണ്ടാണെന്ന് മറക്കരുതെന്നാണ് പോസ്റ്ററിലെ ഭീഷണി. കാസര്‍ഗോഡ് പിലിക്കോട് എരവിലെ വീടിന്റെ വാതിലിലും മതിലിലുമാണ്‌ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

‘ചുവപ്പു കണ്ടാല്‍ അലര്‍ജ്ജി’, ‘ചുവപ്പു കണ്ട കാളയെപ്പോലെ’ എന്നീ പദപ്രയോഗങ്ങളും വ്യക്തിഹത്യാപരമായ വാചകങ്ങളും അടങ്ങിയതാണ് പോസ്റ്റര്‍.

പയ്യന്നൂരില്‍ നടന്ന ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം സി.പി.ഐ.എമ്മിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് പോസ്റ്റര്‍ പതിക്കുന്നതിലേയ്ക്കു കാര്യങ്ങള്‍ എത്തിച്ചതെന്നു കരുതുന്നു.

പ്രതികള്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്ളവരാണെങ്കിലും ആരാണിതു ചെയ്യിച്ചതെന്ന് ഈ പാര്‍ട്ടിയെ അറിയുന്ന എല്ലാവര്‍ക്കും അറിയാമെന്നും മാധ്യമങ്ങളുടെ മുന്നില്‍ ഞെളിഞ്ഞിരിക്കുന്നവരുടെ കയ്യിലെ ചോരക്കറ മായ്ക്കാനാകില്ലെന്നുമാണ് സി.വി. ബാലകൃഷ്ണന്‍ ചന്ദ്രശേഖരന്‍ അനുസ്മരണത്തില്‍ അഭിപ്രായപ്പെട്ടത്. ഇതില്‍ പ്രകോപിതരായവരാണ് പോസ്റ്റര്‍ പതിച്ചതെന്ന് കരുതുന്നു.

എനിക്ക് 60 വയസ്സായി. നാല്‍പ്പത് വര്‍ഷത്തോളമായി എഴുതിക്കൊണ്ടിരിക്കുന്നു. അതില്‍ തന്നെ പാര്‍ട്ടിയുമായി അകന്നിട്ട് 30 വര്‍ഷത്തോളമായി. എന്നാല്‍ ഇതേവരെ ഇടതുപക്ഷ സഹയാത്രികനായല്ലാതെ ജീവിച്ചിട്ടില്ല. എന്റെ കൃതികള്‍ വായിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയെ വീട്ടിലാക്കി ബാലകൃഷ്ണന്‍ ഗോവയില്‍ പോകുന്നതെന്തിനാണ് എന്ന് തങ്ങള്‍ക്കറിയാമെന്ന് ഒരു പോസ്റ്ററില്‍ പരാര്‍ശിക്കുന്നുണ്ട്. ‘ബാലേട്ടന്‍ ഗോവയില്‍ മാത്രമല്ല, കല്‍ക്കത്തയിലും ഡല്‍ഹിയിലും മറ്റു പല സ്ഥലങ്ങളിലും പോകാറുണ്ട്. അതെന്തിനാണ് പോകുന്നതെന്ന് ഞങ്ങക്കെല്ലാം അറിയാം. ഫിലിം ഫെസ്റ്റിവലുകള്‍ക്കും സാഹിത്യ സമ്മേളനങ്ങള്‍ക്കുമാണ് അദ്ദേഹം പോകാറുള്ളത്. ഇത്തരത്തിലുള്ള പോസ്റ്റര്‍ പതിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. എ.കെ.ജിയുടെയും ഇ.എം.എസ്സിന്റെയും മറ്റു പല നേതാക്കളുടെയും ലാളന ഏറ്റു വാങ്ങിയാണ് ഞാന്‍ വളര്‍ന്നു വന്നത്. അവരില്‍ പലരും വീട്ടിലെ സ്ഥിരം സന്ദര്‍ശകരാണ്. പാര്‍ട്ടിയുമായി അത്രയും അടുപ്പമുള്ള ഞങ്ങള്‍ ചുവപ്പുകണ്ടാല്‍ അലര്‍ജ്ജിയുള്ളവരാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.’ എന്ന് സി.വി. ബാലകൃഷ്ണന്റ ഭാര്യ പത്മാവതി പറഞ്ഞു.

Advertisement