തിരുവനന്തപുരം: അട്ടപ്പാടിയില്‍ കാറ്റാടികമ്പനി വാങ്ങിയ ഭൂമിക്ക് നിയമപരിരക്ഷ ഉണ്ടെന്ന് സി പി ഐ എം. കാറ്റാടി കമ്പനി വാങ്ങിയ ഭൂമി 1986ന് മുന്‍പ് ആദിവാസികള്‍ കൈമാറ്റം ചെയ്തതാണ്. 1986ന് മുന്‍പ് കൈമാറ്റം ചെയ്യപ്പെട്ട ഭൂമിക്കെല്ലാം നിയമപരിരക്ഷയുണ്ട്. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

1986 ജനുവരി ഇരുപത്തിനാലിന് മുന്‍പ് കൈമാറ്റം ചെയ്ത അഞ്ചേക്കറില്‍ താഴെയുള്ള ഭൂമിക്ക് 1999ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയമപ്രകാരം നിയമപരിരക്ഷ നല്‍കുന്നുണ്ട്. കാറ്റാടികമ്പനികള്‍ വാങ്ങിയ ഭൂമിയില്‍ മിക്കതും ഇങ്ങനെയുള്ളതാണ്. അതുകൊണ്ടു തന്നെ ആദിവാസികളുടെ ഭൂമി തട്ടിയെടുത്തു എന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.

അട്ടപ്പാടിയിലെ ഭൂമിപ്രശ്‌നത്തെ കുറിച്ചും 1999ലെ ഭൂമി കൈമാറ്റ നിയമത്തെക്കുറിച്ചും യു ഡി എഫ് നിലപാട് വ്യക്തമാക്കണം. എഴുപതുകളില്‍ ആദിവാസികളും കര്‍ഷകരും തമ്മിലുണ്ടായിരുന്ന സംഘര്‍ഷം ആവര്‍ത്തിക്കണമെന്നാണോ യു ഡി എഫ് ആഗ്രഹിക്കുന്നത്. പ്രശ്‌നം അനാവശ്യമായി ഉയര്‍ത്തിക്കൊണ്ട് വരാനാണ് യുഡിഎഫ് ശ്രമമെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.