ന്യൂ ദല്‍ഹി: ജമ്മു കശ്മീരില്‍ അമിതബലപ്രയോഗം തടയാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് സി പി ഐ എം പൊളിറ്റ്ബ്യൂറോ യോഗം ആവശ്യപ്പെട്ടു. ഒരു ബാലന്റെ മരണത്തെത്തുടര്‍ന്നാണ് ജനങ്ങള്‍ രോഷാകുലമായി പ്രതികരിക്കാന്‍ തുടങ്ങിയതെന്ന് പി ബി ചൂണ്ടിക്കാട്ടി.

ഏതാനും ആഴ്ചകളായി താഴ്‌വരയിലെ വിവിധ പ്രദേശങ്ങളില്‍ യുവാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും പോലീസ് വെടിവയ്പില്‍ കൊല്ലപ്പെടുകയാണ്. സംഘര്‍ഷം ജൂണ്‍ 29 നകം എട്ടു പേരുടെ ജീവന്‍ അപഹരിച്ചുവെന്നും സി പി ഐ എം പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു പി എ സര്‍ക്കാര്‍ ഉടന്‍ രാഷ്ട്രീയ ചര്‍ച്ച തുടങ്ങണം. കശ്മീരിലെ സംഭവവികാസങ്ങളില്‍ അതീവ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയ സി പി ഐ എം പി ബി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു. താഴ്‌വരയില്‍ പോലീസ് സംയമനം പാലിക്കണമെന്നും യുവാക്കളെ അര്‍ധസൈനികര്‍ക്കും പോലീസിനുമെതിരെ തിരിച്ചുവിടാനുള്ള ചിലരുടെ താല്‍പ്പര്യത്തിന് ഇരകളാകാതിരിക്കാന്‍ യുവാക്കളും ശ്രദ്ധിക്കണമെന്നും സി പി ഐ എം പി ബി പ്രസ്താവനയില്‍ആവശ്യപ്പെട്ടു.