Categories

ലൈംഗിക പീഡനവും അഴിമതിയും വര്‍ധിക്കുന്നു;പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട് ഡൂള്‍ന്യൂസിന്

political-organisation-report, ലൈംഗിക പീഡനവും അഴിമതിയും വര്‍ധിക്കുന്നു;പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട് , CPIM 20th Party Congress Report leaked

സ്വന്തം ലേഖകന്‍

കോഴിക്കോട്: സി.പി.ഐ.എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. അടുത്തകാലത്തായി പാര്‍ട്ടിക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളെ ശരിവെക്കുന്നതാണ് സംഘടനാ റിപ്പോര്‍ട്ട്. പ്രതിനിധി സമ്മേളനത്തില്‍ പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഡൂള്‍ന്യൂസിന് ലഭിച്ചു.

പാര്‍ട്ടിയില്‍ വര്‍ധിച്ചുവരുന്ന ഏകാധിപത്യപ്രവണത സംഘടനാ കെട്ടുറപ്പിനെയും അണികള്‍ക്കിടയിലുള്ള വിശ്വാസ്യതയെയും സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കഴിയുന്നില്ല. അസഹിഷ്ണുതയോടെയുള്ള നേതാക്കളുടെ ഈ പെരുമാറ്റം മൂലം പാര്‍ട്ടി കമ്മിറ്റികളില്‍ അണികള്‍ക്ക് പാര്‍ട്ടി നേതാക്കളുടെ തെറ്റായ തീരുമാനങ്ങളെയും പ്രവൃത്തികളെയും വിമര്‍ശിക്കാനുള്ള ശേഷി ഇല്ലാതായി. വിമര്‍ശനം ഉള്‍ക്കൊള്ളാനും സ്വയം വിമര്‍ശനം നടത്താനുമുള്ള മാനസികാവസ്ഥ നേതാക്കള്‍ക്ക് ഇല്ലാതായത് പാര്‍ട്ടിയില്‍ പല തെറ്റായ കീഴ് വഴക്കങ്ങള്‍ക്കും ഇടയാക്കി.

വ്യക്തികളെ കേന്ദ്രീകരിച്ച് മാത്രമായി പ്രവര്‍ത്തനം ചുരുങ്ങുകയും ആ വ്യക്തിക്ക് പാര്‍ലിമെന്ററി സ്ഥാനങ്ങള്‍ ലഭിച്ചാല്‍ പ്രവര്‍ത്തിക്കുകയും അല്ലെങ്കില്‍ നിഷ്‌ക്രിയരാവുകയും ചെയ്യുന്ന ദുഷ്പ്രവണത പാര്‍ട്ടിയില്‍ കാണുന്നു. ഇതോടൊപ്പം തന്നെ പാര്‍ലിമെന്ററി സ്ഥാനം കിട്ടാത്ത നേതാക്കള്‍ രാജിവെക്കുകയും എതിര്‍പാളയങ്ങളില്‍ ചേക്കേറുന്ന പ്രവണതയും വര്‍ധിച്ചുവരുന്നുണ്ട്. ഈ പ്രവണത മേല്‍ക്കമ്മിറ്റികള്‍ മുതല്‍ കീഴ്ക്കമ്മിറ്റികള്‍ വരെ വ്യാപിച്ചിരിക്കുന്നുവെന്നും ഇത് ഗുരുതരമായ അച്ചടക്ക ലംഘനത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുചെന്നെത്തിച്ചിരിക്കയാണെുന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടിയില്‍ സ്വജന പക്ഷപാതവും ലൈംഗിക അതിക്രമങ്ങളും അഴിമതിയും അതിക്രമിച്ചുവരികയാണ്. പാര്‍ട്ടി ഭാരവാഹികള്‍ വ്യവസായികളില്‍ നിന്നും മറ്റും കൈക്കൂലിയും കമ്മീഷനും വാങ്ങി പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇത് സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കും അധാര്‍മ്മിക പ്രവൃത്തികളിലേക്കും നയിക്കുകയാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിക്കുക, പാര്‍ട്ടി അച്ചടക്കം ലംഘിക്കുക, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, അഴിമതി നടത്തുക എന്നിവ വര്‍ധിച്ചുവരികയാണ്. അഴിമതിയിലൂടെ ചില നേതാക്കള്‍ക്ക് സമ്പത്ത് കുമിഞ്ഞുകൂടുന്ന അവസ്ഥയുണ്ടായി. ലൈംകികാധിക്രമങ്ങള്‍ പാര്‍ട്ടിയില്‍ കൂടി വരികയാണ്. ഇത് പാര്‍ട്ടി നേതാക്കളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയെ ഇല്ലാതാക്കി.

പാര്‍ട്ടിക്ക് പുതിയ കാലഘട്ടത്തില്‍ ജനകീയ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അത് പ്രക്ഷോഭമായി  ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും വലിയ തോതിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ട്. പാര്‍ട്ടി സമരങ്ങള്‍ ചടങ്ങുകളും നേതാക്കന്മാര്‍ ഉദ്ഘാടകരുമായി മാറുന്ന ഒരു അവസ്ഥ നിലവിലുണ്ട്. ചെറുതും വലുതുമായ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും  അതതു പാര്‍ട്ടി കമ്മറ്റികള്‍ക്ക് വീഴ്ച പറ്റുന്നു. പണ്ടത്തെ പോലെ ജനകീയ സമരങ്ങളില്‍ ജനകീയ പങ്കാളിത്തം ഉണ്ടാകുന്നില്ല. അതനുസരിച്ച് സമരങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റുന്നു. പ്രാദേശിക സമരങ്ങള്‍ ഏറ്റെടുക്കുവാനും അത് നയിക്കാനും പാര്‍ട്ടിക്ക് ഇന്ന് കഴിയുന്നില്ല. ജനങ്ങള്‍ ഏത് രീതിയിലാണ് ചിന്തിക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും മനസ്സിലാക്കാന്‍ കഴിയാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. ഇതുവഴി പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുകയാണ്.  പക്ഷെ ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുകയും അവരുടെ കൂടെ പാര്‍ട്ടി നില്‍ക്കുകയും ചെയ്യുന്ന സ്ഥലത്ത് പാര്‍ട്ടി അത്ഭുതകരമായ മുന്നേറ്റമുണ്ടാക്കുകയും ചെയ്തതായി പാര്‍ട്ടി രേഖ ചൂണ്ടിക്കാട്ടുന്നു.

വര്‍ഗ്ഗബഹുജന സംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. വര്‍ഗ്ഗ-ബഹുജന സംഘടനകള്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും പാര്‍ട്ടിയുമായി ഇവരുടെ ബന്ധം ആരോഗ്യകരമായ രീതിയിലല്ലെന്നും പാര്‍ട്ടി ഉദ്ദേശിക്കുന്ന രീതിയില്‍ ഇവരുടെ പ്രവര്‍ത്തനം ഉയരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തനം വെറും മെംബര്‍ഷിപ്പില്‍ ഒതുങ്ങുന്നതിലുപരി പാര്‍ട്ടി കേഡറാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ ബ്രാഞ്ചും മേല്‍ക്കമ്മിറ്റികളും ശ്രദ്ധ ചെലുത്തണം. ഇന്ന് അത്തരത്തില്‍ കേഡറുകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പാര്‍ട്ടിക്ക് കഴയുന്നില്ലെന്നും തെറ്റുതിരുത്തില്‍ പാര്‍ട്ടി കമ്മിറ്റികള്‍ കുറച്ചുകൂടി സജീവമായി നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.