തന്റെ പ്രതിശ്രുത വധുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ഗോപകുമാറിനെ ‘ പന്നപ്പുലയനെന്ന് ‘ വിളിച്ച് അധിക്ഷേപിക്കുന്ന മനോജ് ചരളേലിന്റെ ശബ്ദരേഖ നവമാധ്യമങ്ങള്‍ വഴി പുറത്തായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നത്.


തിരുവനന്തപുരം: അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി. സി.പി.ഐ  ജില്ലാ എക്‌സിക്യൂട്ടിവും ജില്ലാ കൗണ്‍സിലും ഐകകണ്‌ഠ്യേന അംഗീകരിച്ചാണ് സസ്‌പെന്‍ഷന്‍.

മനോജ് ചരളേലിനെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, എക്‌സിക്യൂട്ടിവ് അംഗം, കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. രാജ്യത്ത് ദളിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്നും പാര്‍ട്ടിയുടെ ജില്ലാ നേതാവായ മനോജ് നടത്തിയ പരാമര്‍ശം ദലിത് സമൂഹത്തിനുണ്ടാക്കിയ ബുദ്ധിമുട്ടില്‍ പാര്‍ട്ടി ഖേദിക്കുന്നതായും സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.


Read more: ഇത്തരത്തിലൊരാള്‍ എങ്ങനെ നേതാവായെന്ന് സി.പി.ഐ പറയണം; മനോജ് ചരളേല്‍ നടത്തിയ ജാതി അധിക്ഷേപം കേവലം നാക്കുപിഴയല്ലെന്ന് സണ്ണി.എം.കപിക്കാട്


തന്റെ പ്രതിശ്രുത വധുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ഗോപകുമാറിനെ ‘ പന്നപ്പുലയനെന്ന് ‘ വിളിച്ച് അധിക്ഷേപിക്കുന്ന മനോജ് ചരളേലിന്റെ ശബ്ദരേഖ നവമാധ്യമങ്ങള്‍ വഴി പുറത്തായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നത്.

സംഭവത്തില്‍ മനോജിനോടു പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. എന്നാല്‍ മനോജിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സി.പി.ഐ വിലയിരുത്തിയിരുന്നു.

മനോജ് ചരളേലിന് സംഭവിച്ചത് കേവലം നാക്ക് പിഴയല്ലെന്നും  സ്ഥിരമായി ജീവിതത്തില്‍ അദ്ദേഹം ഇത്തരത്തിലുള്ള പ്രയോഗം നടത്താറുണ്ടെന്നും അതിന്റെ പ്രതിഫലനം മാത്രമാണിതെന്നും ദലിത് ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.