തിരുവനന്തപുരം: അക്രമികളെ നേരിടാന്‍ സ്ത്രീകള്‍ക്ക് സി.പി.ഐ പരിശീലനം നല്‍കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരമൊരു പരിശീലന പരിപാടിയുമായി രംഗത്തുവരുന്നത് ഇതാദ്യമായാണ്.  സ്വയം രക്ഷയ്ക്ക് സ്ത്രീകളെ ആയോധനമുറകള്‍ ഉള്‍പ്പെടെ പഠിപ്പിക്കാന്‍ സംസ്ഥാനത്തുടനീളം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു.

സി.പി.ഐയില്‍ പ്രശ്‌നങ്ങളോ ഗ്രൂപ്പുകളോ ഇല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ആരെങ്കിലും ഗ്രൂപ്പ്കളിച്ചാല്‍ അവര്‍ക്ക് ഭാവിയുണ്ടാവില്ല. സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത് ഏകകണ്ഠമായാണ്. സംസ്ഥാനസമിതിയില്‍ ചില പേരുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ തന്നെ തങ്ങള്‍ ആ സ്ഥാനത്തേക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് കൗണ്‍സില്‍ ഏകകണ്‌ഠേനയാണ് തന്നെ തിരഞ്ഞെടുത്തത്. അല്ലാതെ ആരും മത്സരിച്ചില്ല.

തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടന്നപ്പോള്‍ ചെറിയ തോതില്‍ ഒച്ചപ്പാടും ബഹളവുമുണ്ടായതേയുള്ളൂ. അതുകേട്ട് പ്രശ്‌നങ്ങളുണ്ടെന്ന് പലരും തെറ്റിദ്ധരിച്ചതാണ്. പാര്‍ട്ടിയില്‍ ചര്‍ച്ചയാവാം. പക്ഷേ അതിങ്ങനെ പാടില്ല. അംഗങ്ങള്‍ ഉച്ചത്തില്‍ സംസാരിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്കും അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു.

സി.എന്‍ ചന്ദ്രനെ പാര്‍ട്ടി സെന്ററിന്റെ ചുമതലയില്‍ നിന്നും മാറ്റിയെന്നതും ശരിയല്ല. താനായിരുന്നു സെന്ററിന്റെയും നവയുഗത്തിന്റെയും ചുമതലവഹിച്ചിരുന്നത്. സെക്രട്ടറിയായപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ വീതിച്ചുനല്‍കിയതേയുള്ളൂ. സെക്രട്ടറിയെ തിരഞ്ഞെടുത്തത് അന്തിമമാണ്. ഇനി അതേപ്പറ്റി സംസ്ഥാനത്തോ ദല്‍ഹിയിലോ ചര്‍ച്ചയില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി.

Malayalam News

Kerala News in English