കണ്ണൂര്‍: വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ പാനുണ്ട സ്വദേശി അഷറഫ് ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ചു ധര്‍മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളില്‍ സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.  7 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ 19 നാണ് അഷ്‌റഫിനു വെട്ടേറ്റത്. ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ കാപ്പുമ്മല്‍ സുബേദാര്‍ റോഡില്‍ വെച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും നെഞ്ചിനും വെട്ടേറ്റ അഷ്‌റഫിനെ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

അതേസമയം തൃശൂര്‍ ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ നടക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത്തിനെ പോലീസ് അന്യായമായി അറസ്റ്റുചെയ്തുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.

കഴിഞ്ഞമാസം മരുത്താക്കര ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഒല്ലൂര്‍ പോലീസ് ശരത്തിനെ അറസ്റ്റു ചെയ്തത്.