തിരുവനന്തപുരം: വെളിയം സ്ഥാനമൊഴിയുന്നത് സി.പി.ഐ സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ നേതൃമാറ്റം ആവാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

അതേസമയം സി.പി.ഐയില്‍ നേതൃത്വമാറ്റം നടക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. സി പി ഐ സംസ്ഥാന നേതൃയോഗത്തിയ വെളിയം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനാരോഗ്യം കാരണം പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും നീക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് വെളിയം ഭാര്‍ഗവന്റെ പ്രസ്താവന.

അതിനിടെ കേരളത്തില്‍ സി പി ഐ നേതൃത്വത്തിന് മാറ്റമുണ്ടാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ ബി ബര്‍ദാന്‍ വ്യക്തമാക്കി. നേതൃത്വത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ വികലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെന്നും ബര്‍ദന്‍ പറഞ്ഞു.

നേതൃമാറ്റത്തെക്കുറിച്ച് ചര്‍ച്ചചെയ്തിട്ടില്ലെന്ന നിലപാടാണ് മറ്റ് നേതാക്കളും പ്രകടിപ്പിച്ചത്. അതിനിടെ സി പി ഐ സംസ്ഥാനസമിതി യോഗം എം എന്‍ സ്മാരകത്തില്‍ തുടങ്ങി. നാളെ നിര്‍വ്വാഹകസമിതി യോഗവും തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലും നടക്കും. ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.