കായംകുളം: രണ്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെ നാലുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയില്‍ കായംകുളത്തിനടുത്തുവെച്ച് അപകടത്തല്‍പ്പെട്ട് സി.പി.ഐ സംസ്ഥാനസമിതി അംഗം എന്‍.വേലപ്പന്‍ (48) മരിച്ചു. വൈക്കം എം.എല്‍.എ. കെ.അജിത്ത്, ചേര്‍ത്തല എം.എല്‍.എ. പി.തിലോത്തമന്‍ എന്നിവര്‍ക്കും ഡ്രൈവര്‍ രാജേഷിനും പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ പി. തിലോത്തമനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചു. പരിക്കേറ്റ അജിത്തിനെയും രാജേഷിനെയും കായംകുളം താലൂക്ക് ആസ്പത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നു.

Subscribe Us:

ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ കാര്‍ പെട്ടെന്ന് നിറുത്തിയപ്പോള്‍ നിയന്ത്രണം വിട്ട് തെന്നിമാറി തലകീഴായി മറിയുകയായിരുന്നു.

എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. ആലപ്പുഴയിലെ എരമല്ലൂരില്‍ ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം എം.എല്‍.എ.മാരുടെ കാറില്‍ കൊല്ലത്തേക്കു മടങ്ങുകയായിരുന്നു വേലപ്പന്‍.