Categories

വികസനത്തില്‍ കേരളം ഗുജറാത്ത് മാതൃക പിന്തുടരണം: പിണറായി സര്‍ക്കാറിനോട് സി.പി.ഐ എം.പി

തൃശൂര്‍: വികസനത്തില്‍ കേരളം ഗുജറാത്തിനെ മാതൃകയാക്കണമെന്ന് സി.പി.ഐ എം.പി സി.എന്‍ ജയദേവന്‍. തൃശൂര്‍ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹൈമാസ്റ്റ് വിളക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുജറാത്താണ് ഇക്കാര്യത്തില്‍ മാതൃക. അവിടെ ഏതെങ്കിലും വ്യവസായമോ സ്ഥാപനമോ തുടങ്ങുന്നതിനായി അപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കും. ഏകജാലകത്തിലൂടെ കാര്യങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യും.’ എന്നാണ് ജയദേവന്‍ പറഞ്ഞത്.

കേരളത്തിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും മറ്റും എടുത്തുപറഞ്ഞുകൊണ്ടാണ് ജയദേവന്‍ കേരളം ഗുജറാത്തിനെ മാതൃകയാക്കണമെന്ന വാദം മുന്നോട്ടുവെച്ചത്.


Also Read: ‘ദിലീപ് ഫാന്‍സിന്റെ യോഗത്തില്‍ പള്‍സര്‍ സുനി’: വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍ നേതാവ്


കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഒരു വര്‍ഷം മുമ്പ് നല്‍കിയ ഫണ്ടുകളുടെ ഫയല്‍പോലും നീങ്ങുന്നില്ല. കളക്ടറെ വിളിക്കുമ്പോള്‍ ഉടന്‍ വരാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.

ഏറ്റവും മടിയന്മാരായ ഉദ്യോഗസ്ഥന്മാരാണ് ഇപ്പോഴുളളത്. 20 വര്‍ഷം മുമ്പ് ഇതിലും മെച്ചമായിരുന്നെന്നും അദ്ദേഹം പറയുന്നു.

തന്റെ പാര്‍ട്ടിയായ സി.പി.ഐ കൂടി ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ഭരണകാര്യത്തെക്കുറിച്ച് പറയുന്നത് ഇനിയെങ്കിലും നേരെയാകട്ടെ എന്നു കരുതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tagged with: |