ന്യൂദല്‍ഹി: ഇടതുപക്ഷ ഏകോപനസമിതി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനില്‍ ആര്‍.എം.പി  നേതാക്കള്‍ക്കൊപ്പം സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് ഉന്നത നേതാക്കള്‍ വേദി പങ്കിട്ടു. ടി.പി ചന്ദ്രശേഖരന്‍ അംഗമായിരുന്ന അഖിലേന്ത്യാ ഇടത് ഏകോപന സമിതി യോഗത്തിലാണ് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, ആര്‍.എസ്.പി നേതാവ് അബനി റോയ്, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേബബ്രത ബിശ്വാസ് എന്നിവരാണ് ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരനുമായി വേദി പങ്കിട്ടത്.

Ads By Google

ദല്‍ഹിയില്‍ ഞാറാഴ്ച നടന്ന അഖിലേന്ത്യാ ഇടത് കോഡിനേഷന്‍ കമ്മിറ്റിയുടെ ദേശീയ കണ്‍വന്‍ഷനിലാണ് നേതാക്കള്‍ പങ്കെടുത്തത്. സി.പി.ഐ.എം ഒഴികെയുള്ള മിക്ക ഇടതുപക്ഷ കക്ഷികളും യോഗത്തില്‍ പങ്കെടുത്തു. വിയോജിക്കുന്നവരെ കൊന്നൊടുക്കുന്ന രീതി സി.പി.ഐ.എം ഉപേക്ഷിച്ചില്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്ന് സി.പി.ഐ പഞ്ചാബ് നേതാവ് മംഗത് റാം പാസ്ല മുന്നറിയിപ്പ് നല്‍കി.

ബംഗാളില്‍ ഇടതുപക്ഷത്തിനേറ്റ പരാജയത്തിന് കാരണം മുന്നണിയെ നയിച്ച കക്ഷിയുടെ തെറ്റായ സമീപനങ്ങളാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേബബ്രത ബിശ്വാസ് കുറ്റപ്പെടുത്തി. ഇടത്പക്ഷ കക്ഷികളുടെ ഐക്യം ടി.പി യുടെ സ്വപ്‌നമായിരുന്നുവെന്ന് ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്‍ പറഞ്ഞു.