വടകര: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുലം കുത്തികളെങ്കില്‍ സി.പി.ഐ വിട്ട സി.പി.ഐ.എം പ്രവര്‍ത്തകരും കുലം കുത്തികളാണെന്ന് വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ. ടി.പി ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ എം.എല്‍.എകളായ ഇ.കെ വിജയനും വി.എസ് സുനില്‍കുമാറും ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ആര്‍.എം.പി പ്രവര്‍ത്തകര്‍ കുലംകുത്തികളല്ല. ആര്‍.എം.പിക്കാര്‍ കുലംകുത്തികളാണെങ്കില്‍ 1964ല്‍ സി.പി.ഐ വിട്ട് സി.പി.ഐ.എം രൂപീകരിച്ചവരും കുലംകുത്തികളാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവരെ കുലംകുത്തികളെന്ന് വിളിച്ചാല്‍ കൂടെയുള്ളവരെയും അങ്ങനെ വിളിക്കേണ്ടിവരും. സി.പി.ഐ പിളര്‍ത്തിയാണ് സി.പി.ഐ.എം രൂപീകരിച്ചതെന്ന കാര്യം മറക്കരുത്. പ്രത്യശാസ്ത്ര ഭിന്നതകളുടെ പേരില്‍ പാര്‍ട്ടി വിട്ട് പുറത്തു പോകുന്നവരെ കുലം കുത്തികളെന്ന് വിളിക്കണമോയെന്ന് നേതാക്കള്‍ ആലോചിക്കണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണ്. അദ്ദേഹത്തെ ഇല്ലാതാക്കിയത് രാഷ്ട്രീയ പ്രതിയോഗികള്‍ തന്നെയാണ്. കേരളീയ സമൂഹത്തില്‍ ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. രാഷ്ട്രീയക്കാരുടെ ഗുണ്ടാ-മാഫിയ ബന്ധം ഒരിക്കലും കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഇടതുപക്ഷ ജനപ്രതിനിധികളുടെ ഒഞ്ചിയം സന്ദര്‍ശനത്തില്‍ നിന്നും സി.പി.ഐ വിട്ടു നിന്നിരുന്നു. ചന്ദ്രശേഖരന്റെ മരണത്തിന് ശേഷം അനുശോചനം അറിയിക്കാന്‍ പോലും മുതിരാതെ അദ്ദേഹത്തെ അപമാനിച്ചവര്‍ ചന്ദ്രശേഖരന്റെ വീട്ടിലേക്ക് വന്നാല്‍ തടയുമെന്ന് ആര്‍.എം.പി പ്രവര്‍ത്തകര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു സി.പി.ഐ സന്ദര്‍ശനത്തില്‍ നിന്നും പിന്മാറിയത്.