റിയാദ് :സമൂഹത്തിനെ ബോധ്യപ്പെടുത്തികൊടുക്കലാണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ പ്രധാന ദൗത്യമെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപനുമായ സി. പി. സൈദലവി അഭിപ്രായപ്പെട്ടു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ ജേണലിസ്‌റ് ട്രെയിനിങ് പ്രോഗ്രാമിലെ പഠിതാക്കളുടെ കൂട്ടായ്മ സംഘടിപിച്ച കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അസ്പൃഷ്ടമായതു പറയാതിരിക്കുക, പറയുന്നകാര്യങ്ങള്‍ വ്യക്തവും പൂര്ണവുമായിരിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമം, രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, സാമ്പത്തികം, ലോകവ്യവഹാരങ്ങള്‍ എന്നിവയെ കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ ലളിതമായി പറയുകയും എഴുതകയും ചെയ്യണം. അന്നം തരുന്ന നാടിന്റെയും പിറന്ന നാടിന്റെയും നന്മകളെയും സൗഹൃദത്തേയും ഇഴപിരിയാതെ കൂട്ടിയോജിപ്പിച്ചു ഈടുറ്റ കണ്ണികളാക്കി മാറ്റാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും സി. പി. സൈദലവി ജെ. റ്റി. പി അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

റിംഫ് നടത്തിയ ആറുമാസം നീണ്ടു നിന്ന ജേര്‍ണലിസം കോഴ്‌സിലെ പഠിതാക്കളും കുടുംബങ്ങളും പങ്കെടുത്ത കുടുംബസംഗമവും ഓണാഘോഷവും സലിം പള്ളിയിലിന്റെ അധ്യക്ഷതയില്‍ റിംഫ് പ്രസിഡന്റ് നജീബ് കൊച്ചുകലുങ്ക് ഉദഘാടനം ചെയ്തു. നവാസ്ഖാന്‍ പത്തനാപുരം ആമുഖപ്രസംഗം നടത്തി. മുന്‍രാഷ്ട്രപതി രാധാകൃഷ്ണന്റെ പേരിലുള്ള ഹിമാക്ഷര അന്താരാഷ്ട്ര അവാര്‍ഡ് നേടിയ ജെ. റ്റി. പി അംഗവും എംബസ്സി സ്‌കൂള്‍ പ്രധാന അദ്ധ്യാപികയുമായ മൈമൂന അബ്ബാസിനെ ചടങ്ങില്‍ ആദരിച്ചു.

വി. ജെ. നസ്‌റുദ്ധിന്‍, റഷീദ് കാസ്മി, ഡോക്ടര്‍ സൈഫുദ്ധിന്‍,ഉബൈദ് എടവണ്ണ, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ജയന്‍ കൊടുങ്ങലൂര്‍, സൈഫ് കൂട്ടുങ്ങല്‍, നജാത്ത്, ഫെമിന, അഫ്നാന്‍ അബ്ബാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുജീബ് (അമൃത )നിഖില സമീര്‍, റുക്സാന, നിഷ (മാതൃഭൂമി)ഷഫീക് കിനാലൂര്‍, നൗഫിന സാബു, ഷിഹാബുദ്ധിന്‍ കുഞ്ജിസ് (ദര്‍ശന ), ഷിബു ഉസ്മാന്‍ (ഡൂള്‍ ന്യൂസ് )നൗഫല്‍ പാലക്കാടന്‍ (ഐ. ഇ മലയാളം )എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇര്‍ഷാദ്, നൗഷാദ്, സമീഷ്,സമീര്‍ കായംകുളം, സാബു തുടങ്ങിയവര്‍ കൈമാറി.അംഗങ്ങള്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപടികളും പരിപാടിക്ക് കൊഴുപ്പേകി.നൗഫിനാസാബു സ്വാഗതവും റൂബി സലിം നന്ദിയും പറഞ്ഞു. കോഡിനേറ്ററന്മാരായ നാദിര്‍ഷ, ഷിഹാബുദ്ധിന്‍ കുഞ്ജിസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.