Categories

റോയിയെ പുറത്താക്കിയതിന് കാരണം ഡൂള്‍ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തല്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ സമരസമിതിയില്‍ നിന്ന് ചെയര്‍മാന്‍ സി.പി റോയിയെ പുറത്താക്കാന്‍ നിര്‍ണ്ണായക കാരണമായത് ഡൂള്‍ന്യൂസിനോട് അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍. സമരം അവസാനിച്ചുവെന്നും 2012ല്‍ സമരത്തിന് വാര്‍ഷികമുണ്ടായിരിക്കില്ലെന്നുമാണ് അദ്ദേഹം ഇന്നലെ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

സി.പി റോയി നടത്തിയ പ്രസ്താവന ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത് ഇന്നലെ രാത്രി എട്ടരയോടെയാണ്. ഈ സമയം ചപ്പാത്തില്‍ സമരസമിതി യോഗം നടക്കുകയായിരുന്നു. യോഗത്തില്‍ റോയി പങ്കെടുത്തിരുന്നില്ല. സമരം അവസാനിച്ചുവെന്ന് റോയ് ഡൂള്‍ന്യൂസിനോട് പറഞ്ഞതായി ചിലര്‍ യോഗത്തെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ യോഗത്തില്‍ നിന്നിറങ്ങിയ ചില അംഗങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെ യോഗം ബഹളമയമായി. സി.പി. റോയിയെ അടിയന്തിരമായി പുറത്താക്കണമെന്ന് യോഗത്തില്‍ ശക്തമായ ആവശ്യമുയര്‍ന്നു.

മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനായി പുതിയ ഡാമിന് പകരം മറ്റ് സാധ്യതകളുണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് സി.പി റോയ് സമരക്കാര്‍ക്ക് അനഭിമതനായത്. കത്ത് വിവാദമായതോടെ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു സി.പി റോയ്. അന്ന് തന്നെ റോയിക്കെതിരെ നടപടി വേണമെന്ന് സമര സമിതിയില്‍ ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ നിലപാട് ആവര്‍ത്തിക്കുകയും സമരം അവസാനിച്ചുവെന്ന് ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് റോയിയെ പുറത്താക്കണമെന്ന കര്‍ശന തീരുമാനത്തിലേക്ക് സമര സമിതി പോയത്.

അതേസമയം ബദല്‍ നിര്‍ദേശങ്ങളെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇതിന് ശ്രമം നടക്കുന്നത്. ഇതിന് മുന്നോടിയായി ഇവര്‍ ഇന്നലെ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി എ.കെ ആന്റണിയെ കണ്ടതായാണ് ലഭിക്കുന്ന സൂചന.

സി.പി റോയ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്:

‘പുതിയ ഡാം നിര്‍മ്മിക്കാതെ അന്‍പത് അടിയില്‍ പുതിയ ടണല്‍ നിര്‍മ്മിച്ച് തമിഴ്‌നാടിന് ഇപ്പോഴത്തെ നിലയില്‍ തന്നെ വെള്ളം നല്‍കി ജലനിരപ്പ് പരമാവധി താഴ്ത്താം എന്നു ഞാന്‍ പറയുന്നത് കേട്ടാല്‍ ആദ്യം ചോദിക്കുക, മലയാളിക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്നായിരിക്കും. സുരക്ഷയ്ക്ക് വേണ്ടിയാണല്ലോ ഇതെല്ലാം, ടണലിലൂടെ വെള്ളം നല്‍കി ഡാമിലെ ജലനിരപ്പ് കുറയ്ക്കുമ്പോള്‍ ഭൂമിയുടെ പ്രഷര്‍ കുറയും. ഭൂകമ്പമുണ്ടാകുന്നതിനുള്ള സാധ്യത കുറയും. കേരളത്തിന് രണ്ട് ഘനയടി വെള്ളം ലഭിക്കും. ടണലിലൂടെ താഴെ കിടക്കുന്ന തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുമ്പോള്‍ 140 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ആ വൈദ്യുതി നമുക്ക് കിട്ടണം. ഇതെല്ലാം ഗുണങ്ങളാണ്.

മാധ്യമങ്ങള്‍ക്കറിയേണ്ടത് എനിക്ക് ചെരുപ്പേറ് കിട്ടിയോ എന്നാണ്. പൊതുജനങ്ങളല്ലേ, അഞ്ചു വര്‍ഷം പുതിയ ഡാം എന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്ന അവരോട് ഞാന്‍ പുതിയ ഡാം അല്ല പരിഹാരം എന്നു പറയുമ്പോള്‍ അവര്‍ പ്രതികരിക്കും. അവര്‍ പ്രതികരിച്ചു, എന്നെ ചരിപ്പെറിഞ്ഞു. പക്ഷേ, സംഗതി മനസ്സിലാക്കിയപ്പോള്‍ അവര്‍ ഇന്നലെ തന്നെ എനിക്ക് സിന്ദാബാദ് വിളിച്ചു. കാരണം, അവര്‍ അത്ര നിഷ്‌കളങ്കരായ ആളുകളാണ്. നിങ്ങള്‍ക്ക് പുതിയ ഡാം എന്ന്, ഒന്നും ചിന്തിക്കാതെ വിളിച്ചു പറയാം. പക്ഷേ, ഈ പാവങ്ങള്‍ക്ക് ചപ്പാത്ത് വിട്ടു പോകാനാവില്ല. അവരെക്കൊണ്ട് ഇനിയും പുതിയ ഡാം എന്ന് വിളിപ്പിക്കരുത്.

പുതിയ ഡാം എന്നത് എസ്റ്റാബ്ലിഷ്ഡ് ആയ ഒരു സാധനം ആണ്. 2006ല്‍ ഞങ്ങള്‍ സമരം തുടങ്ങുമ്പോള്‍ ഇതേക്കുറിച്ച് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അന്ന് ഇത്രയും പ്രശ്‌നങ്ങളില്ലായിരുന്നു. 2011 ആയപ്പോള്‍, മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഒന്‍പത് തവണയാണ് ഭൂമി കുലുങ്ങിയത്.

മുദ്രാവാക്യം മാറി എന്നതല്ല വിഷയം. ഞങ്ങള്‍ പുതിയ സാധ്യതയാണ് അന്വേഷിക്കുന്നത്. ഈ നിര്‍ദേശം പറയുന്നത് ചീഫ് എഞ്ചിനീയറോ പി.ജെ ജോസഫോ ആണെങ്കില്‍ ഇത് എല്ലാവരും ഏറ്റുപിടിക്കുമായിരുന്നു. ഒന്നുമല്ലാത്ത ഞങ്ങള്‍ പറഞ്ഞു എന്നതു കൊണ്ടു മാത്രമാണ് ഇത്രയും ആക്ഷേപം വരുന്നത്.

അന്‍പത് അടിയില്‍ ഒരു ടണല്‍ കെട്ടിയാല്‍ ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 100 അടി ആക്കാന്‍ സാധിക്കും. നിലവിലെ ഡാമിനേക്കാള്‍ ഉയരത്തില്‍ പുതിയ ഡാം വരുമ്പോള്‍ പഴയ ഡാം അതിന്റെ അടിയില്‍ ആകും. അങ്ങിനെ ഒരു ഡാം കെട്ടി നിങ്ങള്‍ പോയാല്‍ ഞങ്ങളുടെ പുതിയ തലമുറ ഞങ്ങളോട് ക്ഷമിക്കില്ല. ഇതൊന്നും ചെവി കൊള്ളാതെ നിങ്ങള്‍ വന്ന് ഞങ്ങളുടെ തലയ്ക്ക് മുകളില്‍ നിലവിലെ ഡാമിനെക്കാള്‍ വലിയ മറ്റൊരു ഡാം കെട്ടുകയാണെങ്കില്‍ ഇനി ഞങ്ങളുടെ സമരം അതിനെതിരായിട്ടായിരിക്കും.

ഇന്നലെ ഞങ്ങള്‍ സമരത്തിന്റെ അഞ്ചാം വാര്‍ഷികം നടത്തി. 2012ല്‍ ഞങ്ങളുടെ സമരത്തിന് വാര്‍ഷികം ഇല്ല. മുല്ലപ്പെരിയാര്‍ സമരം ഇന്നലെ അവസാനിച്ചിരിക്കുന്നു. കാരണം, ഞങ്ങള്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലയിലെ കര്‍ഷക സംഘത്തിന്റെ നേതാവായ കെ.എം അബ്ബാസും അവിടുത്തെ ജനങ്ങളും ഞങ്ങളുടെ നിര്‍ദേശം അംഗീകരിച്ചിരിക്കുന്നു. ഇനി കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളും കൂടി ഈ പരിഹാര നിര്‍ദേശം എന്താണെന്ന് മനസ്സിലാക്കണം’.

മുല്ലപ്പെരിയാര്‍ സമരം അവസാനിച്ചുവെന്ന് സമരസമിതി ചെയര്‍മാന്‍

Malayalam news

Kerala news in English

4 Responses to “റോയിയെ പുറത്താക്കിയതിന് കാരണം ഡൂള്‍ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തല്‍”

 1. VINEETH WAYANAD

  തമിഴ്നാട്‌ ലോപി എത്ര തന്നു ???????????

 2. BALAN

  ചെരിപേറെ എത്ര കിട്ടി ! ഇനവോക്ക്യയ നേതാവേ …….

 3. Vijayan Karingalil Kuwait

  സമരം ഇനി അടുത്ത ശബരിമല സീസണ്‍ വരെ നിര്‍ത്തി വയ്ക്കാം അല്ലെ .രഹസ്യ അജണ്ട നടപ്പാക്കിയതില്‍ സാരന്മ്മര്‍ക്കെല്ലാം സന്തോഷിക്കാം നിലക്കല്‍ പ്രശ്നം ആരും മറന്നു കാണും എന്ന് തോന്നുന്നില്ല .അന്നെ അതിനു കുഴലൂതിയ ചില നേതാക്കന്മ്മരരും പിന്നെ ഗതി പിടിച്ചു കണ്ടില്ല . ഉദാഹരണത്തിന് കെ കരുണാകരന്‍, ആര്‍ ബാലകൃഷ്ണ പിള്ള , സണ്ണി പനവേലി ഓര്‍ക്കുക കളി ഭഗവാനോട് വേണ്ട .
  വിജയന്‍ കുവൈറ്റ്‌

 4. ശുംഭന്‍

  ജലനിരപ്പ്‌ പൂജ്യം അടിയില്‍ നിലനിര്‍ത്താന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ റോയീ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.