പുതിയ ഡാം എന്ന ആവശ്യവുമായി വര്‍ഷങ്ങളായി മുല്ലപ്പെരിയാറില്‍ സമരം നടക്കുകയാണ്. പല കാരണങ്ങള്‍കൊണ്ട് അടുത്ത കാലത്തായി സമരം ശക്തമാവുകയും വന്‍ മാധ്യമശ്രദ്ധ നേടുകയും ചെയ്തു. വിവിധ രാഷ്ട്രീയ നേതാക്കള്‍ ചപ്പാത്തിലെയും വണ്ടിപ്പെരിയാറിലേയും സമരപ്പന്തലിലേക്ക് ഒഴുകിയെത്തി. സമരം റിപ്പോര്‍ട്ട് ചെയ്യേണ്ട മാധ്യമങ്ങള്‍ നേരിട്ടെത്തി സമരത്തിന് നേതൃത്വം നല്‍കി.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി സംമരം വികസിച്ചു. തമിഴര്‍ കേരളത്തിലും മലയാളികള്‍ തമിഴ്‌നാട്ടിലും ആക്രമിക്കപ്പെട്ടു. സമരത്തെ വിവേകപൂര്‍വ്വം നേനേരിടുന്നതിന് പകരം അമിത വികാരത്തോടെ സമീപിച്ചപ്പോള്‍ അതിന്റെ പ്രത്യാഘാതവും നാം അനുഭവിക്കേണ്ടിവന്നു. കാര്യങ്ങളെ അവധാനതയോടെ കാണേണ്ട രാഷ്ട്രീയ നേതൃത്വം ഒന്നുകില്‍ നിഷ്‌ക്രിയരാവുകയോ അല്ലെങ്കില്‍ അമിതവികാരം കൊള്ളുകയോ ചെയ്തു.

ഇപ്പോള്‍ പുതിയ ഡാം മാത്രമല്ല, പരിഹാരമെന്ന് സമരഭൂമിയില്‍ നേതാക്കളിലൊരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അതുള്‍ക്കൊള്ളാന്‍ ആദ്യം സ്വന്തം അനുയായികള്‍ക്ക് പോലും കഴിഞ്ഞില്ല. പുതിയ സാധ്യതക്കുള്ള അന്വേഷണത്തിന്റെ വാതിലുകള്‍ ഇങ്ങിനെ അന്ധമായി കൊട്ടിയക്കണോ?. പുതിയ ഡാം എല്ലാം പരിഹരിക്കുമെന്നും അതുമാത്രമാണ് എല്ലാത്തിനമുള്ള പരിഹാരമെന്നുമാണ് ഇത്രയും കാലം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. മറ്റ് സാധ്യതകള്‍ക്കുള്ള ചര്‍ച്ചകളെപ്പോലും നാം ഭയക്കുന്നത് എന്തുകൊണ്ടാണ്? ഡൂള്‍ന്യൂസ് അന്വേഷിക്കുന്നു…മുല്ലപ്പെരിയാര്‍ സമര സമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി റോയ് ഡൂള്‍ന്യൂസുമായി സംസാരിക്കുന്നു.

മുല്ലപ്പെരിയാര്‍ സമരം ഇന്നലെ അവസാനിച്ചു; ഇനി വാര്‍ഷികാഘോഷമില്ല: സി.പി റോയ്(സമര സമിതി ചെയര്‍മാന്‍)

പുതിയ ഡാം നിര്‍മ്മിക്കാതെ അന്‍പത് അടിയില്‍ പുതിയ ടണല്‍ നിര്‍മ്മിച്ച് തമിഴ്‌നാടിന് ഇപ്പോഴത്തെ നിലയില്‍ തന്നെ വെള്ളം നല്‍കി ജലനിരപ്പ് പരമാവധി താഴ്ത്താം എന്നു ഞാന്‍ പറയുന്നത് കേട്ടാല്‍ ആദ്യം ചോദിക്കുക, മലയാളിക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്നായിരിക്കും. സുരക്ഷയ്ക്ക് വേണ്ടിയാണല്ലോ ഇതെല്ലാം, ടണലിലൂടെ വെള്ളം നല്‍കി ഡാമിലെ ജലനിരപ്പ് കുറയ്ക്കുമ്പോള്‍ ഭൂമിയുടെ പ്രഷര്‍ കുറയും. ഭൂകമ്പമുണ്ടാകുന്നതിനുള്ള സാധ്യത കുറയും. കേരളത്തിന് രണ്ട് ഘനയടി വെള്ളം ലഭിക്കും. ടണലിലൂടെ താഴെ കിടക്കുന്ന തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുമ്പോള്‍ 140 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ആ വൈദ്യുതി നമുക്ക് കിട്ടണം. ഇതെല്ലാം ഗുണങ്ങളാണ്.

മാധ്യമങ്ങള്‍ക്കറിയേണ്ടത് എനിക്ക് ചെരുപ്പേറ് കിട്ടിയോ എന്നാണ്. പൊതുജനങ്ങളല്ലേ, അഞ്ചു വര്‍ഷം പുതിയ ഡാം എന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്ന അവരോട് ഞാന്‍ പുതിയ ഡാം അല്ല പരിഹാരം എന്നു പറയുമ്പോള്‍ അവര്‍ പ്രതികരിക്കും. അവര്‍ പ്രതികരിച്ചു, എന്നെ ചരിപ്പെറിഞ്ഞു. പക്ഷേ, സംഗതി മനസ്സിലാക്കിയപ്പോള്‍ അവര്‍ ഇന്നലെ തന്നെ എനിക്ക് സിന്ദാബാദ് വിളിച്ചു. കാരണം, അവര്‍ അത്ര നിഷ്‌കളങ്കരായ ആളുകളാണ്. നിങ്ങള്‍ക്ക് പുതിയ ഡാം എന്ന്, ഒന്നും ചിന്തിക്കാതെ വിളിച്ചു പറയാം. പക്ഷേ, ഈ പാവങ്ങള്‍ക്ക് ചപ്പാത്ത് വിട്ടു പോകാനാവില്ല. അവരെക്കൊണ്ട് ഇനിയും പുതിയ ഡാം എന്ന് വിളിപ്പിക്കരുത്.

പുതിയ ഡാം എന്നത് എസ്റ്റാബ്ലിഷ്ഡ് ആയ ഒരു സാധനം ആണ്. 2006ല്‍ ഞങ്ങള്‍ സമരം തുടങ്ങുമ്പോള്‍ ഇതേക്കുറിച്ച് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അന്ന് ഇത്രയും പ്രശ്‌നങ്ങളില്ലായിരുന്നു. 2011 ആയപ്പോള്‍, മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഒന്‍പത് തവണയാണ് ഭൂമി കുലുങ്ങിയത്.

മുദ്രാവാക്യം മാറി എന്നതല്ല വിഷയം. ഞങ്ങള്‍ പുതിയ സാധ്യതയാണ് അന്വേഷിക്കുന്നത്. ഈ നിര്‍ദേശം പറയുന്നത് ചീഫ് എഞ്ചിനീയറോ പി.ജെ ജോസഫോ ആണെങ്കില്‍ ഇത് എല്ലാവരും ഏറ്റുപിടിക്കുമായിരുന്നു. ഒന്നുമല്ലാത്ത ഞങ്ങള്‍ പറഞ്ഞു എന്നതു കൊണ്ടു മാത്രമാണ് ഇത്രയും ആക്ഷേപം വരുന്നത്.

അന്‍പത് അടിയില്‍ ഒരു ടണല്‍ കെട്ടിയാല്‍ ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 100 അടി ആക്കാന്‍ സാധിക്കും. നിലവിലെ ഡാമിനേക്കാള്‍ ഉയരത്തില്‍ പുതിയ ഡാം വരുമ്പോള്‍ പഴയ ഡാം അതിന്റെ അടിയില്‍ ആകും. അങ്ങിനെ ഒരു ഡാം കെട്ടി നിങ്ങള്‍ പോയാല്‍ ഞങ്ങളുടെ പുതിയ തലമുറ ഞങ്ങളോട് ക്ഷമിക്കില്ല. ഇതൊന്നും ചെവി കൊള്ളാതെ നിങ്ങള്‍ വന്ന് ഞങ്ങളുടെ തലയ്ക്ക് മുകളില്‍ നിലവിലെ ഡാമിനെക്കാള്‍ വലിയ മറ്റൊരു ഡാം കെട്ടുകയാണെങ്കില്‍ ഇനി ഞങ്ങളുടെ സമരം അതിനെതിരായിട്ടായിരിക്കും.

ഇന്നലെ ഞങ്ങള്‍ സമരത്തിന്റെ അഞ്ചാം വാര്‍ഷികം നടത്തി. 2012ല്‍ ഞങ്ങളുടെ സമരത്തിന് വാര്‍ഷികം ഇല്ല. മുല്ലപ്പെരിയാര്‍ സമരം ഇന്നലെ അവസാനിച്ചിരിക്കുന്നു. കാരണം, ഞങ്ങള്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലയിലെ കര്‍ഷക സംഘത്തിന്റെ നേതാവായ കെ.എം അബ്ബാസും അവിടുത്തെ ജനങ്ങളും ഞങ്ങളുടെ നിര്‍ദേശം അംഗീകരിച്ചിരിക്കുന്നു. ഇനി കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളും കൂടി ഈ പരിഹാര നിര്‍ദേശം എന്താണെന്ന് മനസ്സിലാക്കണം.

തുടരും

മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിന് ഡാമില്ലാതെ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം

Malayalam news

Kerala news in English