Categories

രൂപേഷിനും ഷൈനയ്ക്കും വേണ്ടി ഇടപെടുന്നവരെ നിശബ്ദരാക്കാന്‍ ശ്രമം; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ രൂപേഷിന്റേയും ഷൈയുടേയും മകള്‍ ആമി രൂപ് ഷൈന

ചെന്നൈ: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് തടവുകാരായ സ.ഷൈനയേയും സ.അനൂപിനേയും കാണാനെത്തിയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് സി. പി റഷീദിനേയും ഹരിഹര ശര്‍മ്മയേയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.

സന്ദര്‍ശക മുറിയില്‍ വസ്ത്രങ്ങള്‍ക്കൊപ്പം പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.


Dont Miss പിണറായി വിജയനെതിരെയോ സി.പി.ഐ.എമ്മിനെതിരെയോ അങ്ങനെയൊരു അഭിപ്രായം എനിക്കില്ല; തന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ പരാതി നല്‍കുമെന്ന് നടന്‍ ശ്രീനിവാസന്‍ 


കടുത്ത സുരക്ഷാ പരിശോധനകള്‍ മറികടന്ന് മാത്രം പ്രതികളെ കാണാന്‍ കഴിയുന്ന രീതിയിലാണ് ജയിലിലെ നടപടിക്രമങ്ങള്‍ എന്നിരിക്കെ എങ്ങനെയാണ് ഒരു പെന്‍ഡ്രൈവ് ഇവര്‍ക്ക് കൈമാറാന്‍ സാധിക്കുകയെന്ന് ഷൈനയുടേയും രൂപേഷിന്റേയും മകളായ ആമി രൂപ് ഷൈന ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവരുടെ അറസ്റ്റിലൂടെ മനുഷ്യാവകാശ പ്രവര്‍ത്തകരെ നിശ്ബദരാക്കുക എന്ന ഗൂഢമായ അജണ്ടയാണ് ഉള്ളതെന്ന വാദമാണ് ഉയരുന്നത്.

മാവോയിസ്റ്റ് തടവുകാരുടെ കേസില്‍ ഇടപ്പെട്ടതിന്റെ പേരില്‍ സി. പി. റഷീദിനും ഹരി ഹര ശര്‍മ്മക്കും എതിരെ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കേസാണിതെന്നും മുന്‍പ് മാവോയിസ്റ്റ് തടവുകാരുടെ കേസില്‍ ഇടപ്പെട്ടിരുന്ന മുരുകന്‍ എന്ന അഭിഭാഷകനെ കള്ളക്കേസ് ചുമത്തി ജയിലിലാക്കിയതും കൃത്യമായ ഭരണകൂട അജണ്ടയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.


Dont Miss ഞാന്‍ മരിച്ചിട്ടില്ല; കള്ളവോട്ടിന് ‘തെളിവായി’ കെ. സുരേന്ദ്രന്‍ പരേതനാക്കിയ അഹമ്മദ് കുഞ്ഞി കോടതി സമന്‍സ് കൈപ്പറ്റി 


തീര്‍ത്തും കെട്ടിച്ചമച്ച ഒരു കേസ് മാത്രമാണ് ഇതെന്ന് ആമി രൂപ് ഷൈന ആരോപിക്കുന്നു. ”തിങ്കള്‍ ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലാണ് റിമാന്റ് പ്രതികളെ കാണാനുള്ള ദിവസം. ബാഗ്, മൊബൈല്‍, വാച്ച്, ചില്ലറകള്‍, കാശ് ബെല്‍റ്റ് എന്നിവയൊന്നും കോമ്പൗണ്ടിനുള്ളില്‍ കടത്തില്ല.

ജയില്‍ കോമ്പൗണ്ടിനു അകത്തേക്ക് കയറുമ്പോള്‍ തന്നെ ഗെയിറ്റിനു സമീപം അകത്തു കയറുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയും വിവരങ്ങളും വിരലടയാളവും കാണേണ്ട വ്യക്തിയുടെ വിവരങ്ങളും രേഖപ്പെടുത്തി ഇന്റര്‍വ്വ്യൂ അപേക്ഷ നല്‍കേണം.

ജയിലില്‍ കഴിയുന്ന ആളുകള്‍ക്ക് വേണ്ട ആവിശ്യ സാധനങ്ങള്‍ നല്‍കുന്ന സ്ഥലം അടുത്തുതന്നെയാണ്. അവിടെ വസ്ത്രങ്ങള്‍ (റിമാന്റ് പ്രതികള്‍ക്ക് മാത്രം നിറമുള്ളത്), പഴവര്‍ഗ്ഗങ്ങള്‍ (ആപ്പിള്‍, ഓറഞ്ച്, മാതളം, പഴം, മൂസ്സംമ്പി ഇവ മാത്രം), എരിവുള്ള പലഹാരങ്ങള്‍, ബ്രഷ്, പേസ്റ്റ്, സോപ്പ്, ബിസ്‌ക്കറ്റ്, റസ്‌ക്, ഈന്തപ്പഴം, ചില സീസണുകളില്‍ അച്ചാറുകള്‍ എന്നിവ നല്‍കാന്‍ കഴിയും.

ആദ്യം അവിടെയുള്ള രജിസ്റ്ററില്‍ അപേക്ഷകരുടെ വിവരങ്ങള്‍ പോലീസുകാരന്‍ പകര്‍ത്തിയെഴുതും. പിന്നീട് 3 പോലീസുകാര്‍ക്കാണു നമ്മള്‍ സാധങ്ങള്‍ നല്‍കുക. അവര്‍ അതു സൂഷ്മമായി പരിശോധിക്കുകയും ഒരു നമ്പര്‍ അടയാളപ്പെടുത്തിയ കവറിലേക്ക് സാധങ്ങള്‍ ഇടും.

അകത്തേക്ക് കടത്തിവിടാന്‍ കഴിയാത്തവയും മുറിവുകളും പാടുകളും ഉള്ളവയും അസാധാരണമായി തോന്നുന്നവയും തിരിച്ചു തരും. സാധങ്ങള്‍ എന്തൊക്കെയാണെന്നും ആര്‍ക്കാണെന്നും ആ കവറിന്റെ നമ്പറും ഒക്കെ അപേക്ഷയില്‍ നോക്കി സ്ലിപ്പില്‍ എഴുതി ഒറിജിനല്‍ ആ കവറിലെക്കും കോപ്പി നമ്മുക്കും നല്‍കും.

ഇങ്ങനെയുള്ള കവറുകള്‍ പോലീസുകാര്‍ ജയില്‍ കെട്ടിടത്തിനുള്ളിലെ സ്‌കാനിംഗ് സെന്‍സര്‍ മുറിയിലേക്ക് കൊണ്ടുപോകും. അവിടെ ഒരോ വസ്തുക്കളും സ്‌കാനിങ്ങിനു വിധേയമാക്കിയതിനു ശേഷമാണു സാധനങ്ങള്‍ തടവുകാര്‍ക്ക് നല്‍കുകയുള്ളു. പുസ്തകങ്ങള്‍ സാധനങ്ങള്‍ നല്‍കുന്നയിടത്ത് നല്‍കാന്‍ കഴിയില്ല. ഇതു നമ്മള്‍ കയ്യില്‍ കൊണ്ടുപോയി ഇതേ സ്‌കാനിംഗ്, സെന്‍സര്‍ മുറിയില്‍ കൊടുക്കണം. അവരാണു സെന്‍സര്‍ ചെയ്തതിനു ശേഷം ഇത് തടവുകാര്‍ക്ക് നല്‍കൂ.

ഗെയിറ്റിനു സമീപം സാധനങ്ങള്‍ കൊടുത്തു കഴിഞ്ഞാല്‍ പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ അതും കൊണ്ട് ആദ്യത്തെ സുരക്ഷാ പരിശോധനക്ക് വിധേയമാകണം. സ്ത്രീകള്‍ക്കും പുരുഷനും രണ്ടു മുറികളാണു. അടിവസ്ത്രം വരെ ഇവിടെ പരിശോധിക്കും.

പിന്നീട് 200 മീറ്ററിനു മുകളില്‍ നടന്നാലെ ജയില്‍ കെട്ടിടത്തിനു പുറത്ത് എത്തിച്ചേരാന്‍ കഴിയൂ. അവിടെ ഒരു മരത്തിന്റെ സമീപം ബാത്രൂമും സുരക്ഷാ പരിശോധന മുറികളും ഉണ്ട്. അവിടെയാണു അപേക്ഷകള്‍ വാങ്ങാന്‍ പോലീസുകാരന്‍ വരുക. അപേക്ഷകള്‍ സ്വീകരിക്കുന്ന പൊലീസുകാരന്‍ പ്രതികളുണ്ടോയെന്ന് ഉറപ്പ് വരുത്തി ജയിലറുടെ ഒപ്പ് വാങ്ങി പ്രതികള്‍ വരുമ്പോള്‍ നമ്മളെ വിളിക്കും. അവിടെ രണ്ടാമത്തെ സുരക്ഷാ പരിശോധന കഴിഞ്ഞേ പുറത്ത് കടക്കാന്‍ പറ്റൂ.

മുന്‍പേ പറഞ്ഞ പോലെയുള്ള സുരക്ഷാ പരിശോധനയാണു ഇവിടേയും. അതിനു ശേഷം മെറ്റല്‍ ഡിക്ടറ്ററിലൂടെ കടത്തി വിട്ടതിനു ശേഷം പുസ്തകം ഉണ്ടെങ്കില്‍ സെന്‍സര്‍ റൂമില്‍ കൊടുത്തതിനു ശേഷം പ്രതികളെ കാണാനുള്ള മുറിയില്‍ പോകാം. കാണുന്നത് മാവോയിസ്റ്റ് തടവുകാരെ ആയതിനാല്‍ ജയിലിനകത്തെ ജയിലറുടെ മുറിയിലാണു കാണാന്‍ പോകേണ്ടത്.

അവിടേക്ക് പോകുമ്പോള്‍ വീണ്ടും പേരും അഡ്രസ്സും എഴുതി വാങ്ങും. മെറ്റല്‍ ഡിക്ടറ്ററിലൂടെ കടത്തി വിടും. സി. സി. ടി. വി. യും റെക്കോര്‍ഡറും പോലീസുകാരുമൊക്കെയുള്ള ജയിലറുടെ മുറിയില്‍ അതീവ സുരക്ഷയോടെയാണു അവരെ കാണാന്‍ കഴിയുക.
ഇത്രയും സുരക്ഷയെ ബേധിച്ച് എങ്ങനെയാണു ഒരാള്‍ക്ക് ഒരു പെന്‍ഡ്രൈവ് കൊണ്ട് പോവാന്‍ സാധിക്കുക”-ആമി രൂപ് ഷൈന ;ോദിക്കുന്നു. വിഷയത്തില്‍ പോലീസ് ഇതുവരെ വിശ്വാസ യോഗ്യമായ ഒരു മറുപടിയും വിവരങ്ങളും തന്നിട്ടില്ലെന്നും ആമി പറയുന്നു.

അതേസമയം വിഷത്തില്‍ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യ പ്രവര്‍ത്തക മീനാ കന്തസാമിയും രംഗത്തെത്തി. അങ്ങനെയൊരു പെന്‍ഡ്രൈവ് ജയിലിനുള്ളില്‍ കഴിയുന്ന ഒരാള്‍ക്ക് നല്‍കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ജയിലിനുള്ളില്‍ കഴിയുന്ന ഒരാള്‍ക്ക് ഒരു പെന്‍ഡ്രൈവ് കിട്ടിയിട്ട് എന്താണ് ചെയ്യാന്‍ കഴിയുകയെന്നും മീനാ കന്തസാമി ചോദിക്കുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ ഇത്തരം നടപടി മുന്‍പും ആവര്‍ത്തിക്കപ്പെട്ടതാണെന്നും മാവോയിസ്റ്റ് തടവുകാരുടെ കേസില്‍ ഇടപ്പെട്ടിരുന്ന തിരുമുരുകന്‍ ഗാന്ധിയെന്ന തന്റെ സുഹൃത്തിനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തതും ഇതേ അജണ്ടയുടെ ഭാഗമായിരുന്നെന്നും അവര്‍ പറയുന്നു.

ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ ഇവിടെ നിസ്സഹായയാണെന്നും എങ്കിലും ഒരു കലാകാരിയെന്ന നിലയിലും സാമൂഹ്യപ്രവര്‍ത്തകയെന്ന നിലയില്‍ ഇത്തരം അനീതിക്കെതിരെ ശബ്ദുമുയര്‍ത്താന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു.

സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യണ്ട വിഷമാണ് ഇതെന്നും എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും മീന കന്തസാമി പറഞ്ഞു.