ന്യൂദല്‍ഹി: വ്യാഴാഴ്ച രാത്രിയിലെ ഗോരക്ഷാ പ്രവര്‍ത്തകരുടെ അതിക്രമത്തിനു പിന്നാലെ ദല്‍ഹി കേരളാ ഹൗസിനു മുമ്പില്‍ വീണ്ടും പ്രതിഷേധ പ്രകടനം. മൃഗസ്‌നേഹികള്‍ എന്നവകാശപ്പെടുന്ന എന്‍.ജി.ഒകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

ബുധനാഴ്ച രാത്രി ഗോരക്ഷാ പ്രവര്‍ത്തകരെന്ന അവകാശപ്പെട്ട ഒരു സംഘം അക്രമികള്‍ കേരളാ ഹൗസിലേക്കു അതിക്രമിച്ചു കടക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിരോധന നിയമത്തിനെതിരെ കേരളത്തില്‍ ബീഫ് ഫെസ്റ്റിവെലുകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇവരുടെ അതിക്രമം. അക്രമികള്‍ ദല്‍ഹി പൊലീസ് ഒത്താശ ചെയ്തതായും ആരോപണമുണ്ട്.


Must Read: ഞങ്ങള്‍ വെറും ഇന്ത്യക്കാരാണ് ബി.ജെ.പീ, ഈ വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കൂ: രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്


ഭാരതീയ ഗോരക്ഷാ ക്രാന്തിയെന്ന സംഘടനയായിരുന്നു പ്രതിഷേധത്തിനു പിന്നില്‍. രാത്രി എട്ടുമണിയോടെ കേരളാ ഹൗസില്‍ അതിക്രമിച്ചു കയറിയ ഇവര്‍ പ്രധാന കാവാടം ബ്ലോക്കു ചെയ്യുകയായിരുന്നു. പ്രതിഷേധം നടത്താന്‍ അനുവാദമുണ്ടോയെന്നു ചോദിച്ച പൊലീസിനെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ധര്‍മ്മം അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നു പറയുകയും ചെയ്തു.

ഇവരുടെ പ്രതിഷേധം സമാധാനപരമായിരുന്നു എന്നു പറഞ്ഞ് ദല്‍ഹി പൊലീസ് ഇതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ കേരളാ ഹൗസിനു മുമ്പിലേക്ക് പ്രതിഷേധവുമായി ചില എന്‍.ജി.ഒകള്‍ രംഗത്തുവന്നത്. പശുവിനെ ദൈവമായി കാണുന്ന സംഘപരിവാര്‍ അനുകൂല ചിന്താഗതിയുള്ളവരാണ് പ്രതിഷേധവുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതും.


Must Read: കേരളത്തിലും ഗോരക്ഷകര്‍; പാലക്കാട് കന്നുകാലികളെ കൊണ്ടുവന്ന ലോറികള്‍ ഹിന്ദു ഐക്യമുന്നണി തടഞ്ഞു


സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ അണിനിരത്തിയാണ് പ്രതിഷേധം. ‘സര്‍ക്കാറിന് ഭക്ഷണ ശീലം നിയന്ത്രിക്കാനുള്ള അവകാശമില്ലെങ്കില്‍ നരഭോജികള്‍ക്ക് മുഖ്യമന്ത്രിയെ ഭക്ഷിക്കാമോ’ എന്നര്‍ത്ഥം വരുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.

കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിരോധന നിയമത്തിനെതിരെ ഏറ്റവുമധികം പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. ഈ നിയമം നടപ്പിലാക്കാന്‍ കഴിയാത്തതാണെന്ന നിലപാടെടുത്ത കേരള സര്‍ക്കാര്‍ പൗരന്മാരുടെ ഭക്ഷണ ശീലം നിയന്ത്രിക്കാനുള്ള അവകാശം സര്‍ക്കാറിനില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കേരളത്തിനെതിരെ സംഘപരിവാര്‍ ദേശീയ തലത്തില്‍ ശക്തമായ പ്രചരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദല്‍ഹിയിലെ കേരളാ ഹൗസില്‍ അതിക്രമിച്ചു കയറിയുള്ള പ്രതിഷേധം.