എഡിറ്റര്‍
എഡിറ്റര്‍
മോദി അധികാരത്തിലെത്തിയശേഷം പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടത് 23പേര്‍; ബലാത്സംഗത്തിന് ഇരയായത് രണ്ടുപേര്‍
എഡിറ്റര്‍
Friday 30th June 2017 9:09am


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 23പേര്‍. മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

പല ആക്രമണങ്ങളും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല എന്നതിനാല്‍ യയഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാവാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 മെയ് മാസത്തിനുശേഷം രാജ്യത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 32 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. പശുവിനെ കടത്തി, ബീഫ് കഴിച്ചു, ബീഫ് കൈവശം വെച്ചു എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ആക്രമണങ്ങള്‍ നടന്നത്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Don’t Miss: പശു കൊലപാതകങ്ങളെ അപലപിക്കണമെന്ന അപേക്ഷ തള്ളി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി: പ്രതിഷേധമറിച്ച് എം.പിമാര്‍ ഇറങ്ങിപ്പോയി


പശുവിന്റെ പേരില്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവവുമുണ്ടായി. ഹരിയാനയിലെ മേവതിലെ സംഭവം അതിന് ഉദാഹരമാണ്. മേവത്തില്‍ ബീഫ് കഴിച്ചവരെന്നു പറഞ്ഞ് രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും അവരുടെ രണ്ടു ബന്ധുക്കളെ കൊല്ലുകയും ചെയ്തു.

2014 ജൂണിനും 2015 ഡിസംബറിനും ഇടയില്‍ 11 ആക്രമണങ്ങളാണ് നടന്നത്. എന്നാല്‍ അതിനുശേഷം ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു. 2016ല്‍ 12ഉം 2017ല്‍ ഇതുവരെ ഒമ്പതുകേസുമാണ് റിപ്പോര്‍ട്ടു ചെയ്തത്.

ഉത്തരേന്ത്യയിലാണ് ഇത്തരം ആക്രമണങ്ങളില്‍ ഏറെയും നടന്നത്. ബി.ജെ.പി സര്‍ക്കാറും ബി.ജെ.പി അനുകൂല സംഘടനയും പശു സംരക്ഷണത്തിനുവേണ്ടി നടത്തുന്ന പ്രചരണങ്ങളും ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പശുസംരക്ഷണത്തിന്റെ പേരില്‍ കൊണ്ടുവന്ന നിയമങ്ങളും ഇത്തരം ആക്രമണങ്ങള്‍ക്ക് വളമായെന്ന് ടൈംസ് ഓഫ് ഇന്ത്യ വിലയിരുത്തുന്നു. ഒപ്പം ഗോരക്ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത ഇവരില്‍ ശിക്ഷാഭയമില്ലാതാക്കിയെന്നും അക്രമം വര്‍ധിക്കാന്‍ ഇതൊരു കാരണമായെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

പല ആക്രമണങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പേരിനെങ്കിലും നടപടിയുണ്ടായത്. ദാദ്രിയില്‍ അഖ്‌ലാഖിനെതിരെയുണ്ടായ ആക്രമണത്തിലും, ഉന സംഭവത്തിലുമെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ.

ഗോരക്ഷകരുടെ ആക്രമണം പ്രധാനമായും മുസ്‌ലീങ്ങളെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മുസ്‌ലീങ്ങള്‍ക്കു പുറമേ ദളിതരും ആദിവാസികളും ഇവരുടെ ഇരയായ സംഭവങ്ങളുണ്ട്.

Advertisement