എഡിറ്റര്‍
എഡിറ്റര്‍
ഇരകള്‍ മാറുമ്പോള്‍ വിദ്വേഷ കൊലപാതകങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടമുഖമോ? യു.എസിലെ ശ്രീനിവാന്റേയും ദാദ്രിയിലെ അഖ്‌ലാഖിന്റേയും കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതെങ്ങനെ
എഡിറ്റര്‍
Saturday 25th February 2017 3:48pm

ന്യൂദല്‍ഹി:വിദ്വേഷ കൊലപാതകങ്ങള്‍ക്ക് ഒട്ടേറെ ഇന്ത്യക്കാര്‍ ഇരയായിട്ടുണ്ട്. ഏറ്റവുമൊടുവിലായി യു.എസില്‍ ശ്രീനിവാസ് എന്ന ടെക്കിയാണ് വംശവെറിക്ക് ഇരയായി കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് അഖ്‌ലാഖ് എന്നയാള്‍ കൊല്ലപ്പെട്ടതും വിദ്വേഷത്തിന് ഇരയായാണ്. ബീഫ് കഴിച്ചെന്നാരോപിച്ച് ചിലര്‍ നടത്തിയ വിദ്വേഷ പ്രചരണത്തിന്റെ ഇര.

2015 സെപ്റ്റംബര്‍ 28നാണ് അഖ്‌ലാഖ് കൊല്ലപ്പെട്ടത്. ശ്രീനിവാസ് 2017 ഫെബ്രുവരി 23നും. രാത്രിയാണ് ഈ രണ്ടുകൊലപാതകങ്ങളും നടന്നതെന്നതിനാല്‍ പിറ്റേദിവസമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്.

സമൂഹമനസാക്ഷിയെ ഏറെ ഞെട്ടിച്ച സംഭവങ്ങളാണ് ഇവരണ്ടും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ കൊലപാതകങ്ങളില്‍ ഒന്ന് യു.എസിലും മറ്റൊന്ന് ഇന്ത്യയിലുമാണ് നടന്നതെന്ന വ്യത്യാസം മാത്രം. പക്ഷെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇവ കൈകാര്യം ചെയ്തതോ?

2015 സെപ്റ്റംബര്‍ 30ലെ ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാംപേജാണിത്. ഇടതുവശത്തായി ‘മാന്‍ കില്‍ഡ് ഓഫ് കൗ സ്ലോട്ടര്‍’ എന്ന തലക്കെട്ടില്‍ ഒരു പേരഗ്രാഫില്‍ ഒരു ചെറിയൊരു വാര്‍ത്തയാണ് അഖ്‌ലാഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞദിവസം യു.എസില്‍ നടന്ന കൊലപാതകത്തിന് ടൈംസ് ഓഫ് ഇന്ത്യയുടെ ദല്‍ഹി എഡിഷന്‍ മാറ്റിവെച്ചത് ഒന്നാം പേജിലെ ലീഡ് വാര്‍ത്തയുടെ സ്ഥാനമായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസും ഒന്നാം പേജില്‍ ലീഡ് വാര്‍ത്തയായാണ് ഇതു നല്‍കിയിരിക്കുന്നത്.

യു.എസില്‍ ഒരു ഇന്ത്യക്കാരന്‍ വിദ്വേഷ കൊലപാതകത്തിന് ഇരയായപ്പോള്‍ ദല്‍ഹി എഡിഷന്റെ ഒന്നാം പേജില്‍ ലീഡുവാര്‍ത്തയായി ഇതു റിപ്പോര്‍ട്ടു ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസ് അഖ്‌ലാഖ് കൊല്ലപ്പെട്ട വേളയില്‍ ഒന്നാം പേജില്‍ ആ വാര്‍ത്ത ഉള്‍പ്പെടുത്തിയിട്ടുപോലുമില്ല. മൂന്നാംപേജിലാണ് അവര്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

ടാബ്ലോയ്ഡ് പത്രമായ മെയില്‍ ടുഡേ പ്രധാന ലീഡായാണ് യു.എസിലെ കൊലപാതക വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇതേ പത്രത്തിന് അഖ്‌ലാഖിന്റെ കൊലപാതകം വാര്‍ത്തയായില്ല. സെപ്റ്റംബര്‍ 29ന് നടന്ന അഖ്‌ലാഖിന്റെ കൊലപാതകം അവര്‍ ഒക്ടോബര്‍ ഒന്നിനാണ് ആദ്യമായി വാര്‍ത്തയാക്കിയത്. അതും ഉള്‍പേജില്‍.


ഈ രണ്ടുകൊലപാതകങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി റിപ്പോര്‍ട്ടു ചെയ്തത് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം മാത്രമാണ്.

Advertisement