Categories

സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

അഹമ്മദാബാദ്: ഗുജറാത്തില്‍ അറസ്റ്റിലായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഭട്ടിന് ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. മോഡിക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 30നാണ് സഞ്ജീവ് ഭട്ട് അറസ്റ്റിലായത്.

സഞ്ജീവ് ഭട്ടിനെ റിമാന്‍ഡില്‍ വിട്ടുതരണമെന്ന് ആവശ്യപെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ജാമ്യപേക്ഷയെ എതിര്‍ത്തത്. അപേക്ഷ തള്ളിയ കോടതി ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സെഷന്‍സ് കോടതി ജഡ്ജി വി.കെ വ്യാസാണ് കേസ് പരിഗണിക്കുന്നത്.

മോഡിക്കെതിരെ ഭട്ട് നല്‍കിയ സത്യവാങ്ങമൂലത്തിന് അനുകൂലമായ മൊഴി നല്‍കാന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അദ്ദേഹത്തിന്റെ കീഴില്‍ ജോലിചെയ്തിരുന്ന കോണ്‍സ്റ്റബിള്‍ കെ.ഡി. പന്ഥിനെ നിര്‍ബന്ധിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മോഡിക്കെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്ന് ഭട്ടിനെ നേരത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2002 ഫെബ്രുവരി 27ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന ഉന്നതതല യോഗത്തില്‍ താനും പങ്കെടുത്തിരുന്നുവെന്നും കലാപത്തെ ധൃതിപിടിച്ച് അടിച്ചമര്‍ത്തേണ്ടെന്ന് മോഡി പറഞ്ഞതായും സഞ്ജീവ് ഭട്ട് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ഹിന്ദു വിഭാഗങ്ങളുടെ വികാരം വ്രണപ്പെട്ടിരിക്കയാണെന്നും അത് അവര്‍ പ്രകടിപ്പിക്കുകയാണെന്നും തിരിച്ചടിക്കുന്ന ഹിന്ദുക്കള്‍ക്കെതിരെ നടപടിയെടുക്കരുതെന്നും മോഡി ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നതായി ഭട്ട് വെളിപ്പെടുത്തിയിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തുവെന്ന് തെറ്റായി സത്യവാങ്മൂലം നല്‍കാന്‍ ഭട്ടിന്റെ കീഴില്‍ ജോലിചെയ്യുന്ന തന്നെ നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടക്കാട്ടിയാണ് കെ.ഡി. പന്ഥ് പരാതി നല്‍കിയത്.

ഗുജറാത്ത് വംശഹത്യയില്‍ മോഡിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന കൃത്യവിലോപം കാട്ടിയെന്നാരോപിച്ചാണ് കഴിഞ്ഞ മാസം ഭട്ടിനെ മോഡി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി അവധിയെടുത്തു, ഓഫീസ് വാഹനം ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഭട്ടിന്റെ സസ്‌പെന്‍ഷന് കാരണമായി ചൂണ്ടിക്കാട്ടിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.