അഹമ്മദാബാദ്: അറസ്റ്റിലായ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഗുജറാത്ത് സെഷന്‍സ് കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഭട്ടിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി വെയ്ക്കുകയും ചെയ്തു. സെഷന്‍സ് കോടതി ജഡ്ജി വി.കെ.വ്യാസാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാതി നല്‍കാന്‍ ഭട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പോലീസ് കോണ്‍സ്റ്റബിള്‍ കെ.ഡി. പന്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. ഭട്ടിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ഹരജി ശനിയാഴ്ച കോടതി തളളിയിരുന്നു. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള ഭട്ട് ഇപ്പോള്‍ സബര്‍മതി ജയിലിലാണ്.

2002ലെ ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോഡിക്കെതിരെ രംഗത്തുവന്നതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. മോഡിക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തെ പിന്തുണക്കുന്ന രൂപത്തില്‍ തെറ്റായ മൊഴി നല്‍കാന്‍ കീഴുദ്യോഗസ്ഥനെ നിര്‍ബന്ധിച്ചുവെന്ന പരാതിയിലാണ് സഞ്ജീവ് ഭട്ടിനെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.