ന്യൂദല്‍ഹി: അണ്ണാ ഹസാരെയെ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഒന്നാം നമ്പര്‍ ജയിലിലോ നാലാം നമ്പര്‍ ജയിലിലോ ആയിരിക്കും ഹസാരെയെ പാര്‍പ്പിക്കുക.

വൈദ്യ പരിശോധന പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു. കോടതി അദ്ദേഹത്തെ ഒരാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. തിഹാര്‍ ജയിലിലും അദ്ദേഹം നിരാഹാരം തുടരുമെന്ന് അണ്ണാ ഹസാരെയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഹസാരെക്കൊപ്പം അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെയും തീഹാര്‍ ജലിയിലേക്ക് മാറ്റിയിട്ടുണ്ട്.

നിരോധനാജ്ഞ ലംഘിച്ച് നിരാഹാരസമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച അണ്ണാ ഹസാരെയെ ഇന്ന് രാവിലെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സുശക്തമായ ലോക്പാല്‍ ബില്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മയൂര്‍വിഹാറിലെ വസതിയിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.