ന്യൂദല്‍ഹി: വോട്ടിന് കോഴ കേസില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെ മുന്‍ ഉപദേഷ്ടാവായ സുധീന്ദ്ര കുല്‍ക്കര്‍ണിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചു. ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ ഹാജരായ കുല്‍ക്കര്‍ണിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

കോഴ വെളിച്ചത്തുക്കൊണ്ടുവരാന്‍ താന്‍ ഒരു നിമിത്തമാകുകയായിരുന്നുവെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്നപക്ഷം എപ്പോള്‍ വേണമെങ്കിലും ഹാജരാവാമെന്നുമുള്ള കുല്‍ക്കര്‍ണിയുടെ വാദം അംഗീകരിക്കാതിരുന്ന കോടതി അടുത്ത മാസം ഒന്നു വരെ കുല്‍ക്കര്‍ണിയെ ജുഢീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുല്‍ക്കര്‍ണിയെ തിഹാര്‍ ജയിലിലേക്ക് അയച്ചത്.

ഇതേകേസുമായി ബന്ധപ്പെട്ട നേരത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്ത സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍ സിംഗിന്റെ ജാമ്യാപേക്ഷയില്‍മേല്‍ കോടതി ബുധനാഴ്ച വിധിപറയും.