കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ റഫീഖിനെ വടകര കോടതി പതിനാലു ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.

2010ല്‍ ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ചോമ്പാല കേസില്‍ സി.പി.ഐ.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്‍, ഏരിയാകമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്‍, ലംബു പ്രദീപന്‍, സിജിത്ത് എന്നിവരെയും കേസില്‍ പ്രതികളാക്കി കോടതിയില്‍ ഹാജരാക്കി.

ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാലുപേരെയും വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ഈ ഗൂഢാലോചന കേസിലും മൂവരെയും കോടതി പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് 27ലേയ്ക്കു മാറ്റി. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ടി.കെ.രജീഷിനെ എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍ വടകരയിലെത്തി ചോദ്യംചെയ്തു.