എഡിറ്റര്‍
എഡിറ്റര്‍
കോടതി കുറ്റവിമുക്തനാക്കിയിട്ടും മാധ്യമങ്ങള്‍ വിചാരണ തുടരുന്നു
എഡിറ്റര്‍
Monday 26th November 2012 12:04am

ന്യൂദല്‍ഹി: കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിട്ടും മാധ്യമങ്ങളുടെ വിചാരണ തുടരുന്നു. കാണ്‍പൂര്‍ സ്വദേശിയായ സയ്യിദ് വാസിഫ് ഹൈദറിനെയാണ് മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് മൂന്ന് ഹിന്ദി പത്രങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് വാസിഫ് ഹൈദര്‍.

Ads By Google

വിവിധ കേസുകളില്‍പെട്ട് എട്ട് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞയാളാണ് ഹൈദര്‍. 2001 ഓഗസ്റ്റ് നാല് മുതല്‍ 2009 ഓഗസ്റ്റ് 12 വരെയുള്ള ജയില്‍വാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് എല്ലാ കേസുകളില്‍ നിന്നും കോടതി ഇയ്യാളെ മോചിതനാക്കുകയായിരുന്നു.

മുസ്‌ലീം സമുദായത്തില്‍പെട്ട യുവാക്കളെ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുക്കി വ്യാപകമായി അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനൊപ്പം രാഷ്ട്രപതിക്ക് നിവേദനം നല്‍കിയവരുടെ കൂട്ടതില്‍ ഹൈദറുമുണ്ടായിരുന്നു. എന്നാല്‍, മാധ്യമങ്ങളുടെ വിചാരണ തുടര്‍ന്ന സാഹചര്യത്തിലാണ് ഹൈദര്‍ കോടതിയെ സമീപിച്ചത്.

കോടതി വെറുതെ വിട്ടിട്ടും എന്നെ മാധ്യമങ്ങല്‍ വിചാരണ ചെയ്യുന്നത് തുടരുകയാണ്. രാജ്യത്ത് ജുഡീഷ്യറിയെക്കാള്ഡ വലുതാണ് മാധ്യമങ്ങളെന്നാണ് ഇത് കാണിക്കുന്നത് ഹൈദര്‍ പറയുന്നു. തെളിവുകളൊന്നുമില്ലാതെ കേസുകളുമായി തന്നെ ബന്ധപ്പെടുത്തുകയാണെന്നും നിരപരാധിയായിരുന്നിട്ടും തന്റെ പേരിനൊപ്പം തീവ്രവാദി എന്ന പദം മാധ്യമങ്ങള്‍ ഉപയോഗിക്കുകയാണെന്നും കാണിച്ചാണ് ഹൈദര്‍ കോടതിയുടെ സഹായം തേടുന്നത്.

കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളാണ് മുമ്പ് ഹൈദറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. 2010 ഡിസംബര്‍ ഒമ്പതിന് പുറത്തിറങ്ങിയ ദൈനിക് ജാഗരണ്‍ പത്രത്തില്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ കേസുമായി ബന്ധപ്പെടുത്തി പറയുന്ന പേരുകളുടെ കൂട്ടത്തില്‍ ഹൈദറിന്റേതുണ്ട്.

മുമ്പ് തീവ്രവാദ കേസുകളില്‍പെട്ടവരും പിന്നീട് മോചിതരുമായവരെ പോലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും പത്രം തുറന്ന് പറയുന്നു. ഡിസംബര്‍ 11ന് പുറത്തിറങ്ങിയ പത്രത്തിലും ഇതാവര്‍ത്തിക്കുന്നു. അലഹബാദ് ഹൈക്കോടതിയില്‍ പത്രത്തിനെതിരെ ഹൈദര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഇത് കൂടാതെ അമല്‍ ഉജാല, ദൈനിക് ഹിന്ദുസ്ഥാന്‍ എന്നീ പത്രങ്ങള്‍ക്കെതിരെ നല്‍കിയ കേസുകള്‍ സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം മറ്റൊരു കേസില്‍ പോലീസ് ഇതുവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും പത്രങ്ങലില്‍ നിരന്തരം തന്റെ പേര് പരാമര്‍ശിക്കുന്നതിനാല്‍ സാധാരണ ജീവിതം നയിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് താനെന്നും ഹൈദര്‍ പറയുന്നു.

Advertisement