തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി. വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജ് പി.കെ ഹനീഫയാണ് റിപ്പോര്‍ട്ട് തള്ളിയത്. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആരെയും പ്രതിയാക്കാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയ് 31ന് വിജിലന്‍സ് എസ്.പി വി.എന്‍. ശശിധരന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമായിരുന്നു ഈ അന്വേഷണം. ഈ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.

കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്താണ് കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കോടതി അന്വേഷണത്തിന് അനുമതി നല്‍കി. ഇതെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം തുടങ്ങിയെങ്കിലും ഇതിനിടെ ഭരണമാറ്റമുണ്ടായി. പിന്നീടാണ് ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ടെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കിയത്.

പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഹരജിയില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ഒപ്പുവച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പങ്ക് കൂടി അന്വേഷണ വിധേയമാക്കണമെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അന്നത്തെ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ കേസില്‍ രണ്ടാം പ്രതിയാണ്. കേസില്‍ 35ാം സാക്ഷിയാണ് ഉമ്മന്‍ചാണ്ടി. പാമൊലിന്‍ ഇടപാട് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് അടുത്തിടെ ടി.എച്ച് മുസ്തഫ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്ന കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പാമോലിന്‍ കേസ് തുടരന്വേഷണത്തിന് കോടതി ഉത്തരവ്