എഡിറ്റര്‍
എഡിറ്റര്‍
തരുണ്‍ തേജ്പാലിനെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Saturday 30th November 2013 8:35pm

tarun

ഗോവ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈബാഞ്ച് ആസ്ഥാനത്തുണ്ടായിരുന്ന തരുണ്‍ തേജ്പാലിനെ സ്ഥലത്തെത്തി ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പനാജി ജില്ലാ സെക്ഷന്‍സ് കോടതി ശനിയാഴ്ച രാത്രി എട്ട് മണിയോടെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തേജ്പാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷമായിരുന്നു അറസ്റ്റ് .

തേജ്പാല്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ മണിക്കൂറുകള്‍ നീണ്ട വാദങ്ങള്‍ക്കൊടുവില്‍ രാത്രി എട്ട് മണിയോടെയാണ് കോടതി വിധി പറഞ്ഞത്. ഇന്ന് രാവിലെ രണ്ടര മണിക്കൂറോളം നടന്ന വിശദമായ വാദത്തിന് ശേഷം വൈകുന്നേരം നാലരക്ക് വിധി പറയുമെന്നാണ് അറിയിച്ചതെങ്കിലും വൈകുകയായിരുന്നു.

കോടതിയില്‍ തേജ്പാല്‍ അന്വേഷത്തോട് സഹകരിക്കുന്നുണ്ടെന്നും ഇടക്കാല ജാമ്യം ദുരുപയോഗം ചെയ്തില്ലെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്നുമാണ് തേജ്പാലിന്റെ അഭിഭാഷക വാദിച്ചത്. പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് തിരിച്ചേല്‍പ്പിക്കാനും അന്വേഷണം തീരുന്നത് വരെ ദല്‍ഹിയില്‍ തങ്ങാന്‍ തയ്യാറാണെന്നും അവര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ കേസില്‍ നിരന്തരം മൊഴി മാറ്റുന്ന തരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അതിനായി 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും ഗോവാ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ തെറ്റുപറ്റിയെന്ന് പറഞ്ഞ് പെണ്‍കുട്ടിക്ക് ക്ഷമാപണ കത്ത് അയച്ച തേജ്പാല്‍ രണ്ടാം ഘട്ടത്തില്‍ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് പറഞ്ഞു.

പിന്നീട് ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് തേജ്പാല്‍ വാദിച്ചത്. ഇത്തരത്തില്‍ നിരന്തരം മൊഴി മാറ്റുന്ന തേജ്പാലിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കണമെന്നായിരുന്നു കോടതിയില്‍ ഗോവ പോലീസിന്‍െ വാദം.

തേജ്പാലിന് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും തരുണിനെതിരെ കൃത്യമായ തെളിവുണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ തള്ളിയത്.

 

Advertisement