എഡിറ്റര്‍
എഡിറ്റര്‍
ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനം: വി.എസിനെതിരായ ഹരജി തള്ളി
എഡിറ്റര്‍
Monday 4th June 2012 1:08pm

തൃശൂര്‍: ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനത്തിലെ ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

വി.എസ് മുഖ്യമന്ത്രിയും ഐ.ടി മന്ത്രിയും ആയിരുന്ന സമയത്ത് നടന്ന ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഓ നിയമനം ക്രമവിരുദ്ധമാണെന്നും ഇന്റര്‍വ്യൂ നടത്തി ഐ.ടി സെക്രട്ടറി നല്‍കിയ ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരനെ തഴഞ്ഞ് രണ്ടാം സ്ഥാനക്കാരനെ നിയമിച്ചെന്നും ആയിരുന്നു ആരോപണം. നിയമിതനായ ജിജോ ജോസഫ് സെബാസ്റ്യന്‍ പോളിന്റെ ബന്ധുവാണെന്നും ഇതാണ് ക്രമക്കേടിന് കാരണമെന്നും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു. അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന വി.എസ്സിനെതിരെ ഉന്നയിക്കാന്‍ ലഭിച്ച ഒരു ആരോപണം എന്ന നിലയ്ക്ക് ഭരണപക്ഷം ഇത് പലപ്പോഴും രാഷ്ട്രീയ ആയുധമാക്കിയിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണം ആകയാല്‍ അന്വേഷണം പോലും നടത്താതെ വിജിലന്‍സ് കോടതി ഹരജി തള്ളിയതോടെ ഭരണപക്ഷം വെട്ടിലായി.

മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഹരജിക്കാരന്‍ അറിയിച്ചു. ചീഫ് വിപ്പ് പി.സി.ജോര്‍ജും ഇതേ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അറിയിച്ചു.

ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഓ നിയമന വിവാദം അനാവശ്യമായിരുന്നെന്നും നിയമനത്തില്‍ ഒരു ക്രമക്കേടും നടന്നിട്ടിലെന്നും ആര് അന്വേഷിച്ചാലും അതേ തെളിയൂ എന്നും മുന്‍ ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു പറഞ്ഞു. “ഐ.ടി വകുപ്പ് സെക്രട്ടറിയുമായി ആലോചിച്ച് ആരെയും സി.ഇ.ഓ ആയി നിയമിക്കാനുള്ള അധികാരം മന്ത്രിക്കുണ്ടെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നിട്ടും നിയമനത്തില്‍ സുതാര്യത വേണമെന്ന് വി.എസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മൂന്നു പേരുടെ പാനല്‍ ഉണ്ടാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. പത്രത്തില്‍ പരസ്യം നല്‍കിയാണ്‌ ആളുകളെ തെരഞ്ഞെടുത്തത്. ഇതില്‍ നിന്നും എടുത്ത മൂന്നു പേരുടെ പാനലില്‍ നിന്നും ഒരാളെയാണ് നിയമിച്ചത്. ആദ്യ പേരുകാരന് എതിരെ പരാതി നിലനിന്നിരുന്നതിനാലും അപേക്ഷ വൈകിയതിനാലും അത് നിരസിക്കുകയായിരുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.ഇ.ഓ നിയമനത്തില്‍ സുതാര്യത കൊണ്ടുവരാന്‍ ശ്രമിച്ച വി.എസ്സിനെതിരെ ക്രമക്കേട് ആരോപിച്ചവര്‍ ഈ സര്‍ക്കാര്‍ എങ്ങനെയാണ് ടെക്നോപാര്‍ക്ക് സി.ഇ.ഓ യെ നിയമിച്ചതെന്ന് അന്വേഷിക്കാത്തത് എന്താണെന്നും ജോസഫ് മാത്യു ചോദിച്ചു. “യാതൊരു അറിയിപ്പും പത്രപ്പരസ്യവും നല്‍കാതെ ആണ് യു.ഡി.എഫ് സര്‍ക്കാര്‍ സി.ഇ.ഓ നിയമനം നടത്തിയിരിക്കുന്നത്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അഭിമുഖത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചവര്‍ അഭിമുഖമേ നടത്താതെ ഒരു നടപടിയും പാലിക്കാതെ ആണ് ഗിരീഷ്‌ ബാബുവിനെ നിയമിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറുണ്ടോ എന്നാണു ചീഫ് വിപ്പിനോടും സര്‍ക്കാരിനോടും എനിക്ക് ചോദിക്കാനുള്ളത്” ജോസഫ് മാത്യു ആരോപിച്ചു.
സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം

Advertisement