ബാംഗ്ലൂര്‍: ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ അമേരിക്കയിലെ ജീവനക്കാരന്‍ പാള്‍മര്‍ നല്‍കിയ കേസ് അലബാമ കോടതി തള്ളി.

Ads By Google

ലഘുകാലാവധിയുള്ള ബിസിനസ് സന്ദര്‍ശക വിസകള്‍(ബി-1 വിസ) ഉപയോഗിച്ച് ജീവനക്കാരെ യു.എസിലെത്തിച്ച ശേഷം ദീര്‍ഘകാല പ്രൊജക്റ്റുകളില്‍ അവരുടെ സേവനം ഉപയോഗിക്കുന്നുവെന്നായിരുന്നു ഇന്‍ഫോസിസ് മാനേജര്‍മാര്‍ക്കെതിരെ പാള്‍മര്‍ ഉയര്‍ത്തിയ ആരോപണം.

താല്‍ക്കാലിക വര്‍ക് വിസകള്‍ക്കുപകരം ലഘുകാലാവധിയുള്ള സന്ദര്‍ശക വിസകള്‍ ഉപയോഗിച്ച് ജീവനക്കാരെ എത്തിക്കുന്നതിലൂടെ കമ്പനി ലാഭമെടുക്കുന്നതായും പാള്‍മര്‍ ആരോപിച്ചു.

ഇന്‍ഫോസിസിലെ ചില മാനേജര്‍മാര്‍ വിസ തിരിമറി നടത്തുന്നതിനെതിരെ നിലകൊണ്ടത് കമ്പനിയില്‍ തനിക്കെതിരെ വിവേചനപരമായ സാഹചര്യം സൃഷ്ടിച്ചുവെന്നും ജാക് ബി. പാള്‍മര്‍ വാദിച്ചു.

ഇന്‍ഫോസിസില്‍ പ്രോജക്റ്റ് മാനേജറായി പ്രവര്‍ത്തിക്കുന്ന പാള്‍മര്‍, കമ്പനിക്കെതിരെ ഈ കേസ് നല്‍കിയ ശേഷം തനിക്ക് പ്രത്യേക ജോലിയൊന്നും നല്‍കാതെ തുടരാന്‍ നിര്‍ബന്ധിസക്കുന്നതായും വിശദീകരിച്ചിരുന്നു.

പാള്‍മറുടെ വാദഗതി കമ്പനിക്കെതിരെ നിലനില്‍ക്കുന്നതല്ലെന്ന് ഇന്‍ഫോസിസിനെതിരെ ഉയര്‍ത്തിയ ആറ് വാദഗതികളും തള്ളി ജഡ്ജി മൈറോണ്‍ എച്ച്. തോംപ്‌സണ്‍ പറഞ്ഞു.

യു.എസ് ഫെഡറല്‍ നിയമപ്രകാരമല്ല താന്‍ വിധി പ്രസ്താവിക്കുന്നതെന്നും അലബാമയിലെ നിയമങ്ങളാണ് ഇതിനായി പരിഗണിച്ചതെന്നും ജഡ്ജി വിശദീകരിച്ചു.

പാള്‍മറിനെതിരായ കേസിലെ വിജയം സ്വാഗതം ചെയ്ത ഇന്‍ഫോസിസ് മൂല്യങ്ങള്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിശ്വാസ്യതയും സുതാര്യതയും വിധി ഉയര്‍ത്തിയതായി വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.