കൊച്ചി: ഫസല്‍ വധക്കേസില്‍ സി.പി.ഐ.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ജാമ്യം അനുവദിച്ചാല്‍ ഇവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കണക്കിലെടുത്താണ് ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

Ads By Google

കേസിന്റെ അന്വേഷണം നടക്കുന്നതേയുളളുവെന്നും രാഷ്ട്രീയ തലത്തില്‍ സ്വാധീനമുള്ള പ്രതികള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള കൊലപാതകങ്ങള്‍ ജനാധിപത്യത്തിന് ചേര്‍ന്നതാണോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ചിന്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

നേരത്തെയും രണ്ട് തവണ ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേസിലെ ഏഴും എട്ടും പ്രതികളായ ഇരുവരും ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

2006 ഒക്‌റ്റോബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. തേജസ് ദിനപത്രത്തിന്റെ ഏജന്റായ മുഹമ്മദ് ഫസല്‍ പുലര്‍ച്ചെ പത്രവിതരണത്തിന് പോകവെയാണ് കൊല്ലപ്പെട്ടത്.

നേരത്തെ സി.പി.ഐ.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടിയുമായി തെറ്റി എന്‍.ഡി.എഫില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് കൊലയ്ക്ക് കാരണമായത്.