തിരുവനന്തപുരം: കവിയൂര്‍ കേസില്‍ മുന്‍മന്ത്രിമാരായ എം.എ ബേബി, കോടിയേരി ബാലകൃഷ്ണന്‍, ശ്രീമതി ടീച്ചര്‍, മന്ത്രിപുത്രനായ ബിനീഷ് കോടിയേരി, ശ്രീലേഖ ഐ.പി.എസ് എന്നിവരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി നവംബര്‍ 25ലേക്ക് മാറ്റി.

കേസുമായി ബന്ധപ്പെട്ട് നന്ദകുമാര്‍ ചൂണ്ടിക്കാണിക്കുന്ന എല്ലാവരെയും ചോദ്യം ചെയ്യാനാവില്ലെന്ന് സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിക്കുന്നവരെ ചോദ്യം ചെയ്യാന്‍ തയ്യാറാണെന്നും സി.ബി.ഐ വ്യക്തമാക്കി. എന്നാല്‍ ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കവിയൂര്‍ കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് നന്ദകുമാര്‍ നല്‍കിയ ഹരജിയും കോടതി തള്ളി.

Subscribe Us:

കേസിലുള്‍പ്പെട്ട പ്രമുഖരെ ചോദ്യം ചെയ്തിട്ടില്ലെന്ന് ചൂണ്ടികാണിച്ച് നേരത്തെ നന്ദകുമാര്‍ ഹരജി നല്‍കിയിരുന്നു. ഇതില്‍ മൂന്നുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മൂന്നു മാസം പൂര്‍ത്തിയായെങ്കിലും സി.ബി.ഐ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു.

കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് നന്ദകുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ ആരൊക്കെ ചോദ്യം ചെയ്യണമെന്ന പട്ടിക നല്‍കാന്‍ കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മേല്‍പറഞ്ഞ മൂന്ന് പേരുടെ പേര് നല്‍കിയത്.