കൊച്ചി: കടലിലെ കൊലപാതകക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കോടതി ചെലവ് അടക്കമാണ് തള്ളിയത്. പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികരും ഇന്ത്യയിലെ ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലും നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

ഒരുലക്ഷം രൂപ കോടതി ചെലവ് നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം പിഴ അടയ്ക്കണം.

കടലിലെ വെടിവയ്പ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്താണെന്നും അതിനാല്‍ നീണ്ടകര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിനു നിയമസാധുത ഇല്ലെന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ക്യാപ്റ്റന്റെ നിര്‍ദ്ദേശമില്ലാതെ നടത്തിയ വെടിവയ്പാണെന്ന് വ്യക്തമാണെന്നും അതിനാല്‍ അന്വേഷണം നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്നും കോടതി അറിയിച്ചു.

അതിനിടെ, കേസില്‍ അനാവശ്യമായി ഇടപെട്ട മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്നും ജസ്റ്റീസ് ഗോപിനാഥന്‍ വിലയിരുത്തി. കോടതി നിരസിച്ചിട്ടും കേസില്‍ ഇടപെട്ട ഇവര്‍ പിന്നീട് ഇറ്റാലിയന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നിലപാട് തിരുത്തി. ഇത് ഗൗരവമായ വിഷയമാണ്. ഇതിന് കനത്ത ശിക്ഷ നല്‍കേണ്ടതാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഇതിന് മുതിരുന്നില്ല. അതിനാല്‍ ഇവര്‍ പതിനായിരം രൂപ വീതം കോടതിയുടെ ലീഗല്‍ സെല്ലിലേക്ക് അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.