കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ അബ്ദുള്‍ നാസര്‍ മദനിയെ അടുത്ത മാസം 12 ന് ഹാജരാക്കണമെന്ന് കോയമ്പത്തൂര്‍ കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇന്ന് മഅദനിയെ കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. അഭിഭാഷകരുടെ സമരം മൂലം കോയമ്പത്തൂര്‍ കോടതിയുടെ നടപടികള്‍ താളം തെറ്റിയതുമൂലമാണ് കോടതി അടുത്ത മാസം 12 വരെ സമയം അനുവദിച്ചത്.

ആരോഗ്യകാരണങ്ങളാല്‍ മഅദനിയെ ഹാജരാക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നെങ്കിലും കോടതി ഈ അപേക്ഷ തള്ളി.

Subscribe Us:

മഅദനിയുടെ ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടികള്‍ നടക്കാത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കോടതി നടപടിക്ക് മദനി വിസമ്മതം അറിയിച്ചു. അനാരോഗ്യം മൂലം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മദനി അറിയിക്കുകയായിരുന്നു. മദനിയുടെ വിസമ്മതത്തെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് റദ്ദാക്കുകയായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയെ വിമാനമാര്‍ഗം എത്തിച്ച് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ വിചാരണ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും ഇതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നത്.

കേസില്‍ കഴിഞ്ഞ ആഴ്ചയാണ് മഅദനിയെ പ്രതി ചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി മഅദനി കഴിയുന്ന സമയത്താണ് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ജയിലില്‍ കഴിയുന്ന മഅദനിയെ സന്ദര്‍ശിക്കാനെത്തിയ ഭാര്യ സൂഫിയയില്‍ നിന്നും സിംകാര്‍ഡും മറ്റും പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രസ് ക്ലബ്ബില്‍ സ്‌ഫോടനം നടത്തുന്നതിന് ബോംബുകള്‍ വെച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവത്തില്‍ എറണാകുളം കാക്കനാട് സ്വദേശി ഷബീര്‍, കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ് എന്നിവരെ കോയമ്പത്തൂര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

malayalam news