കൊച്ചി: മില്‍മയ്ക്ക് സ്വന്തം നിലയില്‍ പാല്‍വില കൂട്ടാമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. പാല്‍വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് വിധി.

സ്വകാര്യ പാല്‍ വിതരണ കമ്പനികള്‍ കൂടുതല്‍ വിലയ്ക്ക് പാല്‍ വില്‍ക്കുന്നതിനെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പിന്നെങ്ങനെ മില്‍മ വിലവര്‍ധിപ്പിക്കുന്നതുമാത്രം തടയാനാകുമെന്നും കോടതി ചോദിച്ചു. മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നത് തടയാനുള്ള അധികാരം സര്‍ക്കാരിനോ ഡെയറി ഫാമുകള്‍ക്കോ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അവശ്യസാധനമായതിനാല്‍ വില കൂട്ടുന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന് പറഞ്ഞാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. വില കൂട്ടരുതെന്ന് സര്‍ക്കാര്‍ നിലപാടിനെതിരെ മില്‍മയും മാനന്തവാടി സ്വദേശിയായ ക്ഷീരകര്‍ഷകനും കോടതിയെ സമീപിച്ചിരുന്നു.

മില്‍മ ലിറ്ററിന് 5 രൂപ കൂട്ടി

പാല്‍വില കൂട്ടാമെന്ന കോടതി വിധി വന്നതിനു തൊട്ടുപിന്നാലെ മില്‍മ ലിറ്ററിന് 5 രൂപ കൂട്ടി. അഞ്ച് രൂപ വര്‍ധിപ്പിച്ചാല്‍ മാത്രമേ ക്ഷീരകര്‍ഷകന് ലാഭകരമാം വിധം പാല്‍ വിതരണം നടത്താന്‍ സാധ്യമാകുകയുള്ളൂവെന്ന് മില്‍മ അറിയിച്ചു. 22 രൂപ നിരക്കില്‍ വില്‍ക്കുന്ന 1ലിറ്റര്‍ പാലിന് ഇനിമുതല്‍ 27 രൂപയായിരിക്കും. രണ്ട് ദിവസത്തിനുള്ളില്‍ വില വര്‍ധനവ് നിലവില്‍വരും.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തുതന്നെ മില്‍മ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് വില വര്‍ധിപ്പിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.

പുതുതായി വര്‍ധിപ്പിച്ച അഞ്ച് രൂപയില്‍ നിന്നും 4.20പൈസ കര്‍ഷകന് ലഭിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് അറിയിച്ചു. കര്‍ഷകരുടെ ഉല്പാദന ചിലവ് മനസിലാക്കുന്ന സഹകരണ സ്ഥാപനമെന്ന നിലയിലാണ് വിലവര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലിന്റെ വില വര്‍ധനവ് പാല്‍ ഉല്പന്നങ്ങള്‍ക്കും ബാധകമാകുമെന്നും അദ്ദേഹം അറയിച്ചു.