Categories

തെലുങ്കാന: ഷിന്‍ഡേക്കും ചിദംബരത്തിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ഹൈദരാബാദ്: തെലുങ്കാന വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേക്കും മുന്‍ ആഭ്യന്തര മന്ത്രി ചിദംബരത്തിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തെലുങ്കാന വിഷയത്തില്‍ ജനങ്ങളെ കബളിപ്പിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.

Ads By Google

ഹൈദരാബാദ് രംഗ റെഡ്ഡി കോടതിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു. എന്നാല്‍ വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നെങ്കിലും തീരുമാനം പിന്നീടേ ഉണ്ടാകൂ എന്ന സര്‍ക്കാര്‍ നിലപാടാണ് ജനങ്ങളെ പ്രകോപിതരാക്കിയത്.

തെലുങ്കാന വിഷയത്തില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയേയും മറ്റ് നേതാക്കളേയും ദല്‍ഹിയിലേക്ക് വിളിച്ച് ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാറിന്റെ പദ്ധതി.

പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനായുള്ള ആവശ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വൈകുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിരാശപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് കേശവ് റാവു പറഞ്ഞു.

അതേസമയം, തെലുങ്കാന സംസ്ഥാനത്തിനായുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമാവുകയാണ്. തെലുങ്കാന സംസ്ഥാനത്തിനായി പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.

ഹൈദരാബാദിലെ ഇന്ദിരാ പാര്‍ക്കില്‍ പോലീസും പ്രതിഷേധകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രദേശത്ത് തെലുങ്കാന രാഷ്ട്ര സമിതി 36 മണിക്കൂര്‍ റിലേ സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.

തെലുങ്കാന സംസ്ഥാന രൂപീകരണം വൈകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് പ്രശ്‌നം വീണ്ടും വഷളായത്. സര്‍ക്കാറിന്റെ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി തുറന്നടിച്ചിരുന്നു.

കഴിഞ്ഞ ദിവസം സംഘര്‍ഷത്തെ തുടര്‍ന്ന് ടി.ആര്‍.എസ് നേതാവ് കെ.ടി രാമറാവുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലെ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും മറ്റുമാണ് പ്രതിഷേധം നടക്കുന്നത്.

Tagged with: