തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ വി.ഐ.പികളുടെ പങ്ക് അന്വേഷിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കോടതി. കേസിലെ രണ്ടാം സാക്ഷിയും പീഡനത്തിനിരയായ ശാരിയുടെ അച്ഛനുമായ സുരേന്ദ്രന്റെ വിസ്തരിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

കേസില്‍ ഏതെങ്കിലും വി.ഐ.പി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമര്‍ശവും കുറ്റപത്രത്തിലില്ല. ഇങ്ങനെയുള്ള സാക്ഷിമൊഴികളുമില്ല. അതേ പോലെ ചികിത്സയുടെ കാര്യത്തിലും എന്തെങ്കിലും ഗൂഢാലോചന നടന്നതായി സാക്ഷിമൊഴി ഇല്ല. ഇതിനൊന്നും കുറ്റപത്രത്തില്‍ തെളിവുകളുമില്ല. ഈ സാഹചര്യത്തില്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ട സാഹചര്യവുമില്ലെന്നും കോടതി നിരീക്ഷിച്ചു. വിസ്താരം തുടരുകയാണ്.

കിളിരൂര്‍ കേസില്‍ ശാരിമരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് വി.ഐ.പികള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിലോ കുറ്റപത്രത്തിലോ വി.ഐ.പികളുടെ പങ്കിനെപ്പറ്റി പരാമര്‍ശമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ. കോടതിയുടെ ഉത്തരവ്.

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് ശാരി എസ്. നായര്‍ എന്ന പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ബലാത്‌സംഗം, പണത്തിന് വേണ്ടി ആളെ തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രകാരമാണ് കേസ്.

കിളിരൂര്‍ സ്വദേശിനി ഓമനക്കുട്ടി, ആലപ്പുഴ സ്വദേശിയും ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീണ്‍, എറണാകുളം സ്വദേശി മനോജ്, മല്ലപ്പള്ളി സ്വദേശിനി ലതാനായര്‍, നാട്ടകം സ്വദേശി ബിജു എന്ന കൊച്ചുമോന്‍, തൃപ്പുണിത്തുറ സ്വദേശി പ്രശാന്ത്, കണ്ണൂര്‍ സ്വദേശി സോമനാഥന്‍ എന്നീ പ്രതികളാണ് വിചാരണ നേടുന്നത്. കേസില്‍ 78 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.

malayalam news