ഹൈദരാബാദ്: ബോളിവുഡ് നടി വിദ്യാബാലനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. വിദ്യയുടെ പുതിയ ചിത്രം ഡേര്‍ട്ടി പിക്‌ചേഴ്‌റിന്റെ പോസ്റ്ററുകള്‍ക്കും പ്രമോകള്‍ക്കും വേണ്ടി ‘ അശ്ലീല ചിത്രങ്ങള്‍ക്ക്’ പോസ് ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്നാണ് കോടതി നടപടി.

സില്‍ക് സ്മിതയുടെ ജീവിതകഥ അടിസ്ഥാനമാക്കിയെടുത്ത ബോളിവുഡ് ചിത്രമാണ് ഡേര്‍ട്ടി പിക്ചര്‍. ചിത്രത്തില്‍ വിദ്യാബാലനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

നംപള്ളി കോടതിയാണ് താരത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 292, 294 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് വിദ്യാബാലനെതിരെയുള്ളത്. ഇതിന് പുറമേ 1986ലെ വുമണ്‍സ് ആക്ടിലെ മൂന്ന് നാല് വകുപ്പുകള്‍ പ്രകാരം സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന കുറ്റവും വിദ്യയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. അഡ്വ. സായ് കൃഷ്ണ ആസാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡേര്‍ട്ടി പിക്ചറിന്റെ പോസ്റ്ററുകളും പരസ്യങ്ങളും നീക്കംചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒരാഴ്ചകൊണ്ട് 20 കോടി രൂപയാണ് വാരിയത്. സൂപ്പര്‍താരങ്ങളില്ലാത്ത ഒരു ചിത്രത്തിനു ഇത്രയും വലിയ തുക ആദ്യ ആഴ്ച തന്നെ ലഭിക്കുന്നത് ആദ്യമായാണ്.

Malayalam news

Kerala news in English