ഹൈദരാബാദ്: ആന്ദ്ര മുന്‍ മുഖ്യമന്ത്രി അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സ്വത്ത് വിവരം സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്താന്‍ ഹൈക്കോടതി സിബി ഐ യോടാവശ്യപ്പെട്ടു. രണ്ടാഴ്ച കൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സീല്‍വച്ച് കോടതിയില്‍ സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് നിസാര്‍ അഹമ്മദ് കക്രു, ജസ്റ്റിസ് വിലാസ് വി അഫ്‌സല്‍ പുര്‍ക്കാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് സുപ്രധാന തീരുമാനം പുറപ്പെടുവിച്ചത്. കോണ്‍ഗ്രസ് നേതാവ് പി ശങ്കര്‍ റാവു നല്‍കിയ പരാതി പരിഗണിക്കവേയാണ് കോടതി അന്വേഷണത്തിനുത്തരവിട്ടത്. പ്രഥമികാന്വേഷണത്തിലൂടെ മാത്രമേ പരാതിയില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്താനാവൂ എന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ നവംബറിലാണ് നിലവിലെ ആന്ദ്ര മന്ത്രിസഭാംഗമായ ശങ്കര്‍റാവു, ജഗമോഹന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് കേസ് ഫയല്‍ ചെയ്തത്. 2004 ല്‍ 11 ലക്ഷം മാത്രമുണ്ടായിരുന്ന ജഗന്റെ സമ്പാദ്യം ഇപ്പോള്‍ 43,000 കോടിയായി ഉയര്‍ന്നതിന്റെ സ്‌ത്രോതസ് കണ്ടെത്തണമെന്നാണ് പരാതിയില്‍ ശങ്കര്‍റാവു ഉന്നയിച്ചിരിക്കുന്നത്. ചില തെലുങ്ക്‌ദേശം നേതാക്കളും ജഗ്മോഹനെതിരെ സി.ബി. ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.