കൊച്ചി: സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. പ്രവേശന രീതിയില്‍ മാറ്റം വരുത്തിയത് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലില്‍ കഴിഞ്ഞ ദിവസം കോടതി പ്രവേശന നടപടികള്‍ തടഞ്ഞിരുന്നു.

അലോട്ട്‌മെന്റ് തടഞ്ഞ കോടതി നടപടി വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും ഉത്തരവ് പ്രവേശനം വൈകിപ്പിക്കുമെന്നും ബോധിപ്പിച്ച് ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്.

എഞ്ചിനിയറിങ് പ്രവേശനത്തിന് പ്ലസ്ടു പരീക്ഷയുടെ ഉള്‍പ്പെടെ മാര്‍ക്ക് പരിഗണിക്കുന്ന തരത്തില്‍ ഈ അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി. പ്രവേശന പരീക്ഷ പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് മാറ്റം വരുത്തിയതെന്ന് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.