തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന പങ്കാളികളിലൊരു വിഭാഗമായ തിരുവമ്പാടി ക്ഷേത്ര ഭരണസമിതിയില്‍ അവര്‍ണ ഹിന്ദുക്കള്‍ക്കും അംഗത്വം നല്‍കണമെന്ന് കോടതി. ജാതിവിവേചനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിശാലഹിന്ദു ഐക്യസമത്വവേദി ചെയര്‍മാനും എസ്.എന്‍.ഡി.പി.യോഗം തൃശ്ശൂര്‍ യൂണിയന്‍ പ്രസിഡന്റുമായ കെ.വി.സദാനന്ദനും പാട്ടുരായ്ക്കല്‍ സ്വദേശി രവീന്ദ്രനും സമര്‍പ്പിച്ച ഹരജിയിലാണ് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി വിധി.

ക്ഷേത്ര വിശ്വാസങ്ങളില്‍മാത്രം അവര്‍ണ ജനവിഭാഗങ്ങള്‍ക്ക് പങ്കാളിത്തം അനുവദിച്ച് ഭരണകാര്യങ്ങള്‍ മുഴുവന്‍ പ്രത്യേക പ്രദേശങ്ങളിലെ സവര്‍ണ സമുദായങ്ങളില്‍ നിക്ഷിപ്തമാക്കിയ ക്ഷേത്ര ഭരണസംവിധാനം നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് ജഡ്ജി എന്‍.വി.രാജു വ്യക്തമാക്കി.

Subscribe Us:

ഊരാഴ്മക്കാരായ കാച്ചപ്പിള്ളി മനയുടെ അവസാന അവകാശികള്‍ ക്ഷേത്രവും സ്വത്ത് വഹകളും ഭഗവാന് സമര്‍പ്പിക്കുമ്പോള്‍ ക്ഷേത്ര ഭരണാവകാശം തട്ടകത്തിലെ ചിറക്കല്‍, അങ്ങാടി, പൂങ്കുന്നം ദേശങ്ങളിലെ സവര്‍ണ ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരുന്നു. 1967ലെ ഭരണസമിതി പാസാക്കിയ നിയമാവലിപ്രകാരം ക്ഷേത്രസമിതി അംഗത്വം മലയാളികളായ സവര്‍ണഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. തൃശൂരിലെ പ്രമുഖ സമുദായങ്ങളിലൊന്നായ തമിഴ് ബ്രാഹ്മണര്‍ക്ക് പോലും ഭരണസമിതിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. പ്രധാനമായും നായര്‍ സമുദായാംഗങ്ങളില്‍ ക്ഷേത്രഭരണം ഒതുങ്ങി.

തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാന്‍ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. നിയമാവലിയിലെ ചില വ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനക്കു തന്നെ വിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാദിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ. ഗോപിനാഥ്, എം. രഘു എന്നിവര്‍ ഹാജരായി.