തിരുവനന്തപുരം: അഭയകേസില്‍ ആന്തരാവയവ പരിശോധന റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചു എന്ന കേസില്‍ പുതിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കി നല്‍കിയ കരുതല്‍ കുറ്റപത്രം വായിച്ചുകേട്ടശേഷമാണ് കോടതി നടപടി.

കെമിക്കല്‍ എക്‌സാമിനര്‍മാരായ ഗീതയ്ക്കും ചിത്രയ്ക്കുമെതിരെ നേരത്തെ തയ്യാറാക്കിയ കുറ്റപത്രം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സ്ഥലം മാറിപ്പോയ മജിസ്‌ട്രേറ്റ് കുറ്റപത്രത്തില്‍ ഒപ്പിട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റങ്ങള്‍ പ്രത്യേകം പ്രത്യേകം തരംതിരിച്ച് പുതിയ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് കേസ് സി.ജെ.എം കമാല്‍പാഷ നിര്‍ദേശിച്ചിരിക്കുന്നത്. അടുത്തമാസം പതിനഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.