കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ദീര്‍ഘകാലം അവധിയെടുത്തു വിദേശത്തു ജോലി ചെയ്യുന്നവരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍, കെ. സുരേന്ദ്ര മോഹന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ നിര്‍ദേശം. ഇവരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

സൗദി അറേബ്യയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജൈനമ്മ കെ ജോസഫ് സമര്‍പ്പിച്ച ഹരജി തള്ളിയാണ് കോടതി ഇങ്ങനെ ഉത്തരവിട്ടത്. രണ്ടു തവണയായി പത്തുവര്‍ഷം ശമ്പളമില്ലാതെ അവധി നേടിയ ജൈനമ്മ വീണ്ടും അഞ്ചു വര്‍ഷത്തെ അവധിക്ക് അപേക്ഷിച്ചപ്പോള്‍ സര്‍ക്കാര്‍ നിരസിച്ചിരുന്നു

ഇതിനെതിരെയാണ് ഇവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. നേരത്തെ ഇവരുടെ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ദീര്‍ഘകാലം അവധിയെടുത്ത് വിദേശത്തു ജോലി ചെയ്യുകയും പിന്നീട് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നു കോടതി കുറ്റപ്പെടുത്തി.